പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പെരുമ്പാവൂരിൽ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യപ്രതി അബു താഹിർ ഉൾപ്പെടെ അഞ്ച് പേരെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തായ്‌ലൻഡിൽ നിന്ന് ഏജന്റുമാർ വഴി ലഹരി എത്തിച്ചിരുന്ന സംഘമാണിത്.

പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ
പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പെരുമ്പാവൂർ: സംസ്ഥാനത്തെ ഞെട്ടിച്ച പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിലായി. പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത് (40), ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ് (41), ഒറ്റപ്പാലം ചളവറ പരിയാം തൊടി സഞ്ജയ് പി (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിൽ പ്രധാന സൂത്രധാരനായ അബു താഹിറിനെ ബംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്.

​ഇന്ത്യക്കകത്തും പുറത്തുമുള്ള വൻകിട ലഹരിമരുന്ന് വിതരണ ശൃംഖലകളെ കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. തായ്‌ലൻഡിലെ വിവിധ വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്ക് അതിമാരകമായ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിരുന്ന സംഘത്തിലെ ഉന്നത തലവൻമാരാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി.

​പ്രവർത്തനം തായ്‌ലൻഡ് കേന്ദ്രീകരിച്ച്; ഏജന്റുമാർക്ക് ഫ്രീ ടിക്കറ്റും വിസയും

​അബു താഹിറും ഹരികൃഷ്ണനും ചേർന്നാണ് തായ്‌ലൻഡിലേക്ക് ലഹരി കടത്താനായി ഏജന്റുമാരെ നിയോഗിക്കുന്നത്. ഇവർക്ക് വിസയും വിമാന ടിക്കറ്റും ആകർഷകമായ പ്രതിഫലവും നൽകി വിദേശത്തേക്ക് അയക്കും. തിരികെ എത്തുമ്പോൾ ഏജന്റുമാർ ഒളിപ്പിച്ചു കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് എയർപോർട്ടിന് പുറത്തുവെച്ച് ഈ സംഘം ഏറ്റുവാങ്ങി വിപണിയിൽ എത്തിക്കുകയായിരുന്നു പതിവ്. പ്രതികളിൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാട് രേഖകൾ, വിദേശ യാത്രാ രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

​തുടക്കം 'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ടയിലൂടെ

​എറണാകുളം റൂറൽ പരിധിയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോഗ്രാം കഞ്ചാവുമായി ആയുഷിനെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് ഇയാളുടെ കുന്നുവഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 16 കിലോ കഞ്ചാവ് കൂടി കണ്ടെത്തുകയും ഭാര്യ അനികയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്താരാഷ്ട്ര ശൃംഖലയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

​എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, ആദർശ്, അബ്ദുൾ ജലീൽ, ഇബ്രാഹിംകുട്ടി സി.എ, എ.എസ്.ഐമാരായ സുബൈർ എം.ബി, മനോജ് എൻ.പി, ബാബു കുര്യാക്കോസ്, സീനിയർ സി.പി.ഒമാരായ ഷിജോ പോൾ, മുഹമ്മദ് ഷാൻ, സി.പി.ഒമാരായ നജ്മി, ഫാസിൽ ബഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.