കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു ബജറ്റ് ജൂൺ 19ന്
കേരള നിയമസഭയുടെ നാലാമത്തെ വനിതാ ഡപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19 ന് അവതരിപ്പിക്കും.
കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു; യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന്
തിരുവനന്തപുരം: പതിനാറാമത് കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായി യുഡിഎഫിലെ ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ മത്സരത്തിനൊടുവിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ വിജയം വരിച്ചത്. എതിർ സ്ഥാനാർത്ഥിയായ സിപിഐയിലെ മുഹമ്മദ് മൊഹ്സിന് 34 വോട്ടുകൾ ലഭിച്ചു. സ്പീക്കറെ ഒഴിവാക്കിയാൽ സ്വതന്ത്രർ അടക്കം 101 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള യുഡിഎഫ് ക്യാമ്പിൽ ഷാനിമോൾ ഉസ്മാന്റെ വിജയം തുടക്കം മുതലേ ഉറപ്പായിരുന്നു. ഈ വിജയത്തോടെ കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി സ്പീക്കർ എന്ന പദവി ഷാനിമോൾ ഉസ്മാൻ സ്വന്തമാക്കി.
ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം സഭ അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ, മുൻ എംപി കെ.പി. ധനപാലൻ, മുൻ മന്ത്രി ടി.യു. കുരുവിള എന്നിവർക്ക് ചരമോപചാരം അർപ്പിച്ചു. പുതിയ സർക്കാരിന്റെ കാലത്തെ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തരപ്രമേയവും ഇന്ന് സഭയുടെ പരിഗണനയ്ക്ക് വരും. തുടർന്ന് സബ്മിഷനുകളും ശ്രദ്ധക്ഷണിക്കലുകളും പൂർത്തിയാക്കിയ ശേഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് തുടക്കമാകും. നാളെയും മറ്റന്നാളും നന്ദിപ്രമേയ ചർച്ചകൾ തുടരുന്നതിനാൽ ഈ ദിവസങ്ങളിൽ ചോദ്യോത്തരവേള ഒഴിവാക്കിയിട്ടുണ്ട്.
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 19-നാണ് സഭ വീണ്ടും സമ്മേളിക്കുക. അന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. ജൂൺ 22, 23, 24 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. അതിനുശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം ജൂൺ 29-നാകും സഭ പിന്നീട് ചേരുക. 29, 30 തീയതികളിൽ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. ജൂലൈ ഒന്നിന് ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചകൾ പൂർത്തിയാക്കി ഈ സഭാ സമ്മേളനം പിരിയുമെന്നും സ്പീക്കർ അറിയിച്ചു.

