ആറളത്ത് പകൽസമയത്തും ആനയിറങ്ങുന്നു പ്രതിരോധം ശക്തമാക്കാൻ മന്ത്രി അഡ്വ. സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം

ആറളം ജനവാസമേഖലയിലെ കാട്ടാന ശല്യം പരിഹരിക്കാൻ ആനമതിൽ നിർമ്മാണം വേഗത്തിലാക്കാനും കാടുകൾ വെട്ടിത്തെളിക്കാനും മന്ത്രി അഡ്വ. സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ആറളത്ത് പകൽസമയത്തും ആനയിറങ്ങുന്നു പ്രതിരോധം ശക്തമാക്കാൻ മന്ത്രി അഡ്വ. സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മനുഷ്യ-വന്യമൃഗ സംഘർഷം ജില്ലാ തല സമിതി അവലോകന യോഗത്തിൽ മന്ത്രി സണ്ണി ജോസഫ് സംസാരിക്കുന്നു
ആറളത്ത് പകൽസമയത്തും ആനയിറങ്ങുന്നു പ്രതിരോധം ശക്തമാക്കാൻ മന്ത്രി അഡ്വ. സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം

ആറളത്ത് ആനമതിൽ നിർമ്മാണം വേഗത്തിലാക്കും; കാട് വെട്ടിത്തെളിക്കാൻ മന്ത്രി അഡ്വ. സണ്ണി ജോസഫിന്റെ നിർദ്ദേശം

കണ്ണൂർ: ആറളത്ത് പകൽ സമയങ്ങളിൽ പോലും ജനവാസമേഖലകളിൽ കാട്ടാനകൾ ഇറങ്ങുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമായി ആനമതിൽ നിർമ്മാണം വേഗത്തിലാക്കാൻ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിന് നിർദേശം നൽകിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ. സണ്ണി ജോസഫ് അറിയിച്ചു. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാനും ആനകളെ തുരത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ സമിതിയുടെ ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ആറളത്ത് വനംവകുപ്പിന്റെ ദ്രുതകർമ്മസേനയുടെ (ആർ.ആർ.ടി) വാഹനം പോലും കാട്ടാന മറിച്ചിട്ട സാഹചര്യം യോഗം വിലയിരുത്തി. പകൽ സമയങ്ങളിൽ പോലും ആനകൾ പ്രധാന റോഡുകളിലേക്ക് ഇറങ്ങുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. ആനമതിലിന്റെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ വനം മന്ത്രിയും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമേ, വനം-കൃഷി വകുപ്പുകൾ സംയുക്തമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, കാട്ടാനകളെ ആകർഷിക്കാത്ത തരത്തിലുള്ള കൃഷി രീതികൾ പ്രദേശത്ത് അവലംബിക്കാൻ കഴിയുമോ എന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാട്ടുപന്നികളെ വെടിവെക്കാൻ തോക്ക് ലൈസൻസിനായി ലഭിച്ച അപേക്ഷകളിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ നിർദ്ദേശമുണ്ട്.

​കാടുപിടിച്ച സ്വകാര്യ ഭൂമികൾക്കെതിരെ നടപടി

പ്രദേശത്ത് കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ ഭൂമികൾ ഉടമകൾ വെട്ടിത്തെളിക്കാത്ത വിഷയം യോഗത്തിൽ ചർച്ചയായി. ഇത്തരം ഭൂമികളുടെയും അവയുടെ ഉടമസ്ഥരുടെയും കൃത്യമായ പട്ടിക തയ്യാറാക്കാൻ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി. വനമേഖലയ്ക്ക് പുറത്ത് നടക്കുന്ന വ്യാജ ചാരായ വാറ്റും മനുഷ്യ-കാട്ടാന സംഘർഷത്തിന് കാരണമാകുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വ്യാജ വാറ്റിനെതിരെ പ്രദേശങ്ങളിൽ ശക്തമായ ബോധവത്കരണവും പരിശോധനയും നടത്തും.

​സർപ്പ വളണ്ടിയർമാരുടെ കുറവ് പരിഹരിക്കും

ജില്ലയിൽ പാമ്പുകളെ പിടികൂടുന്നതിനുള്ള 'സർപ്പ' (SARPA) വളണ്ടിയർമാരുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കും. മലയോര മേഖലയിൽ കൊട്ടിയൂർ, കണിച്ചാർ ഒഴികെയുള്ള പ്രദേശങ്ങളിൽ വളണ്ടിയർമാരുടെ കുറവുണ്ട്. താല്പര്യമുള്ളവരുടെ പട്ടിക ഗ്രാമപഞ്ചായത്തുകൾ നൽകിയാൽ അവർക്ക് ആവശ്യമായ പരിശീലനം നൽകാൻ വനംവകുപ്പ് സന്നദ്ധത അറിയിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രത്യേക യോഗം വിളിക്കാൻ മന്ത്രി നിർദേശിച്ചു. നിലവിൽ അയ്യൻകുന്ന്, കൊട്ടിയൂർ, ഉദയഗിരി, കേളകം ഗ്രാമപഞ്ചായത്തുകളിൽ സോളാർ തൂക്കുവേലി നിർമ്മാണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

​കളക്ടറേറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡി.എഫ്.ഒ) എസ്. വൈശാഖ്, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ. കെ. സുബൈർ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. കെ. സി. സച്ചിൻ, മറ്റ് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.