എസ്.പിയോട് ഐസ്ക്രീം ചോദിച്ച് ദേവൂട്ടി സ്നേഹമധുരവുമായി ആലുവ റൂറൽ പോലീസ് ആസ്ഥാനം
റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഐ.പി.എസിനെ കാണാനെത്തിയ കുട്ടികൾക്ക് ഇത് അവിസ്മരണീയമായൊരു അനുഭവമായി.
ആലുവ: റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഐ.പി.എസിനെ കാണാനെത്തിയ കുട്ടികൾക്ക് ഇത് അവിസ്മരണീയമായൊരു അനുഭവമായി. ഹസ്തദാനം നൽകിയ ശേഷം "എനിക്ക് ഐസ്ക്രീം വേണം" എന്ന കൊച്ചു ദേവൂട്ടിയുടെ നിഷ്കളങ്കമായ ആവശ്യം എസ്.പി സന്തോഷത്തോടെ സ്വീകരിച്ചു. ദേവൂട്ടിക്കും കൂടെയുണ്ടായിരുന്ന പതിനാറ് കുട്ടികൾക്കും ഐസ്ക്രീമും ചോക്ലേറ്റും നൽകിയാണ് അദ്ദേഹം അതിഥികളെ വരവേറ്റത്.
തോട്ടുമുഖം 'കെയർ' (സെൻ്റർ ഫോർ ഏർളി ഇൻ്റർവെൻഷൻ, റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച്) ഇൻസ്റ്റിറ്റ്യൂട്ടിലെ ഭിന്നശേഷിക്കാരായ കുട്ടികളാണ് 'സിഫി' ചെയർപേഴ്സൺ ഡോ. പി.എ. മേരി അനിതയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനം സന്ദർശിച്ചത്. എസ്.പിയോടൊപ്പം വിശേഷങ്ങൾ പങ്കുവെച്ചും ഫോട്ടോകളെടുത്തും കുട്ടികൾ ഏറെ സമയം ചിലവഴിച്ചു. തങ്ങൾ സ്വയം നിർമ്മിച്ച വിവിധയിനം സോപ്പുകളും മെഴുകുതിരികളും കുട്ടികൾ എസ്.പിക്ക് ഉപഹാരമായി നൽകി.
ഇത്തരത്തിലുള്ള സന്ദർശനങ്ങൾ കുട്ടികളുടെ സാമൂഹികവൽക്കരണത്തിനും പ്രായോഗിക പരിശീലനത്തിനും ഏറെ സഹായകരമാകുമെന്ന് സിഫി ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. അധ്യാപകരും രക്ഷിതാക്കളും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.

