ലോക്സഭയിൽ ഇനി 850 സീറ്റുകൾ വനിതാ സംവരണ ബിൽ നാളെ പാർലമെന്റിൽ
ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തിക്കൊണ്ട് വനിതാ സംവരണം നടപ്പാക്കാനുള്ള നിർണായക ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനഃക്രമീകരണം നടത്താനാണ് നീക്കം
ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും വനിതാ സംവരണം നടപ്പാക്കുന്നതിനായുള്ള ചരിത്രപരമായ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്രസർക്കാർ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ നിന്ന് 850 ആയി ഉയർത്തിക്കൊണ്ടാണ് 33 ശതമാനം വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നത്. 2011-ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനഃക്രമീകരണം (Delimitation) നടത്താനാണ് സർക്കാർ തീരുമാനം.
സീറ്റുകളിലെ മാറ്റം ഇങ്ങനെ:
പുതിയ നിർദ്ദേശപ്രകാരം സംസ്ഥാനങ്ങളിൽ നിന്നുള്ള ലോക്സഭാ സീറ്റുകൾ 530-ൽ നിന്ന് 815 ആയും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 20-ൽ നിന്ന് 35 ആയും വർധിപ്പിക്കും. നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തിൽ സീറ്റുകളുടെ എണ്ണം വർധിക്കും. ഓരോ സംസ്ഥാനത്തെയും വനിതാ സംവരണ സീറ്റുകളും അതിനുള്ളിലെ പട്ടികജാതി-പട്ടികവർഗ സംവരണവും റൊട്ടേഷൻ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക.
ദക്ഷിണേന്ത്യക്ക് തിരിച്ചടിയാകുമോ?
ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനഃക്രമീകരിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ എണ്ണത്തിൽ വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ വർധനവുണ്ടാകില്ല. ഇത് ദേശീയ രാഷ്ട്രീയത്തിൽ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയ്ക്കാൻ കാരണമാകുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
1971-ന് ശേഷമുള്ള ആദ്യ മാറ്റം:
നിലവിൽ 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് മണ്ഡലങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. 2026-ന് ശേഷമുള്ള ആദ്യ സെൻസസ് റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ പുനഃക്രമീകരണം പാടുള്ളൂ എന്ന നിലവിലെ വ്യവസ്ഥ ഭേദഗതി ചെയ്താണ് 2011-ലെ സെൻസസ് സർക്കാർ മാനദണ്ഡമാക്കുന്നത്. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

