തിരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനം ഫ്ലെക്സുകൾക്ക് വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് ജില്ലാ കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ഫ്ലെക്സുകളും പിവിസിയും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പ്രചാരണം ഉറപ്പാക്കാൻ കളക്ടറുടെ നിർദ്ദേശം.

തിരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനം ഫ്ലെക്സുകൾക്ക് വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് ജില്ലാ കളക്ടർ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിതചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനായി ചേർന്ന പ്രിന്റർമാരുടെയും ഡീലർമാരുടെയും യോഗത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക സംസാരിക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രിന്റർമാരുടെയും ഡീലർമാരുടെയും യോഗം ചേർന്നു*

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിതചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രിന്റർമാരുടെയും ഡീലർമാരുടെയും യോഗം ചേർന്നു.

പ്രചാരണവുമായി ബന്ധപ്പെട്ട് ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു. പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിനായി ഫ്ലെക്സ് ബോർഡുകൾ, പി.വി.സി. ബാനറുകൾ, നോൺ-വൂവൻ പോളിപ്രൊപ്പിലീൻ ഉപയോഗിച്ചുള്ള ബോർഡുകൾ ബാനറുകൾ ഉൾപ്പെടെ എല്ലാ നിരോധിത പ്രചാരണ സാമഗ്രികളും പൂർണ്ണമായും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു.

പ്രിന്റിംഗിനായി കേരള മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ പ്രചാരണ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഇത്തരം പ്രിന്റുകളിൽ പി.വി.സി-ഫ്രീ, റീസൈക്ലബിൾ ലോഗോ, നിർമ്മാതാവിന്റെ പേര്, രജിസ്ട്രേഷൻ നമ്പർ, കൂടാതെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ അല്ലെങ്കിൽ ക്യൂ ആർ കോഡ് എന്നിവ നിർബന്ധമായും പതിച്ചിരിക്കണമെന്നും ചൂണ്ടിക്കാട്ടി.

നിരോധിത വസ്തുക്കൾ ഉപയോഗിച്ച് നിലവിൽ സ്ഥാപിച്ചിരിക്കുന്ന എല്ലാ ബോർഡുകളും ഉടൻ നീക്കം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകളുടെ പരിശോധന ശക്തമാക്കും. കൂടാതെ, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി രൂപീകരിച്ച ആന്റി-ഡിഫേസ്മെന്റ് സ്ക്വാഡുകളും പരിശോധന നടത്തും. ജില്ലയിലെ പ്രിന്റിംഗ് യൂണിറ്റുകളെ കേന്ദ്രീകരിച്ചുള്ള പരിശോധനയും ശക്തിപ്പെടുത്തും. നിരോധിത വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്ന പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

യോഗത്തിൽ ജില്ലാ ശുചിത്വമിഷൻ കോ ഓഡിനേറ്റർ ഡോ. ശീതൾ ജി മോഹൻ, ജില്ലയിലെ സൈൻ പ്രിന്റർമാർ, ഡീലർമാർ, വിവിധ സംഘടനകളുടെ ഭാരവാഹികൾ, സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.