പരിചയം നടിച്ച് ഓട്ടോയിൽ കയറ്റി യുവതിയെ മർദിച്ച് പല്ലുകൊഴിപ്പിച്ചു, സ്വർണം കവർന്ന ആറംഗസംഘം പിടിയിൽ

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അഞ്ചേകാൽ പവൻ സ്വർണം കവർന്ന കേസിൽ സ്ത്രീകളടക്കം ആറ് പേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു.

പരിചയം നടിച്ച് ഓട്ടോയിൽ കയറ്റി യുവതിയെ മർദിച്ച് പല്ലുകൊഴിപ്പിച്ചു, സ്വർണം കവർന്ന ആറംഗസംഘം പിടിയിൽ
യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അഞ്ചേകാൽ പവൻ സ്വർണം കവർന്ന കേസിൽ സ്ത്രീകളടക്കം ആറ് പേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന സംഘം അറസ്റ്റിൽ

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് അഞ്ചേകാൽ പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കാക്കൂർ സ്വദേശിനി റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), കല്ലായി സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), മുക്കം സ്വദേശി സുബിരാജ് (46) എന്നിവരെയാണ് കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.

​കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുന്ദമംഗലം സ്വദേശിനിയായ യുവതി പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ശുചീകരണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മിൽമ ബൂത്തിന് സമീപം നിൽക്കുകയായിരുന്നു. ഈ സമയം ഓട്ടോയിലെത്തിയ, പരിചയക്കാരായ പ്രതികൾ പെരിങ്ങളത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് യുവതിയെ നിർബന്ധിച്ച് വണ്ടിയിൽ കയറ്റുകയായിരുന്നു.

​യാത്രയ്ക്കിടെ പ്രതികൾ യുവതിയെ ക്രൂരമായി ആക്രമിക്കുകയും അവർ ധരിച്ചിരുന്ന ഒന്നേകാൽ പവന്റെ സ്വർണമാല, രണ്ടര പവന്റെ പാദസരം, ഒരു പവന്റെ ബ്രേസ്‌ലെറ്റ് എന്നിവ പൊട്ടിച്ചെടുക്കുകയുമായിരുന്നു. പ്രതികളുടെ ക്രൂരമായ മർദനത്തിൽ യുവതിയുടെ മുൻവശത്തെ നാല് പല്ലുകൾ പറിഞ്ഞുപോയി. തുടർന്ന് ഇവരെ ചേവായൂരിൽ ഇറക്കിവിട്ട് പ്രതികൾ കടന്നുകളയുകയായിരുന്നു.

​യുവതിയുടെ പരാതിയിൽ കേസെടുത്ത കസബ പോലീസ്, സംഭവസ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്.