11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം

പോക്സോ കേസ്: 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും എഴുപതിനായിരം രൂപ പിഴയും

11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം
ഭൂതത്താൻകെട്ട് മൈലാടുംകുന്ന് കാഞ്ഞിരത്തിങ്കൽ വിനോദ്

പോക്സോ കേസ്: 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും 70,000 രൂപ പിഴയും

​മൂവാറ്റുപുഴ: പതിനൊന്ന് വയസുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ യുവാവിന് ജീവപര്യന്തം തടവും എഴുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി. ഭൂതത്താൻകെട്ട് മൈലാടുംകുന്ന് കാഞ്ഞിരത്തിങ്കൽ വിനോദ് (34) നെയാണ് ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്.

​ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവും പ്രതി അനുഭവിക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ അധിക തടവും അനുഭവിക്കേണ്ടി വരും. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

​സംഭവം നടന്നത് ഇങ്ങനെ

​2021 നവംബർ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിൽ സന്ദർശനത്തിന് എത്തിയ വിനോദ്, അയൽ വീട്ടിലെ പതിനൊന്നുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയും 13 വയസുകാരനായ സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

​പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി തന്റെ മൊബൈൽ ഫോൺ എവിടെയോ മറന്നു വെച്ചെന്ന് പറഞ്ഞ്, അത് കണ്ടെത്തുന്നതിനായി സഹോദരനോട് ഫോൺ ആവശ്യപ്പെട്ടു. കാണാതായ ഫോണിലേക്ക് ബെൽ അടിപ്പിക്കാനാണ് ഫോൺ ചോദിച്ചത്. കുട്ടി ഫോൺ നൽകിയെങ്കിലും വീട്ടിൽ റേഞ്ച് കുറവാണെന്ന് പറഞ്ഞ് ദൂരെ പോയി കോൾ ചെയ്യാൻ പ്രതി ആവശ്യപ്പെട്ടു. തുടർന്ന് ആൺകുട്ടി പുറത്തുപോയ തക്കം നോക്കിയാണ് വിനോദ് പെൺകുട്ടിയെ അതിക്രമത്തിന് ഇരയാക്കിയത്.

​കുട്ടി ബഹളം കൂട്ടിയതോടെ അയൽക്കാർ ഓടിയെത്തി പ്രതിയെ തടഞ്ഞുവെച്ച് കോതമംഗലം പോലീസിന് കൈമാറുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി. ആയിരുന്ന മുഹമ്മദ് റിയാസ്, കോതമംഗലം സി.ഐ. ബേസിൽ തോമസ്, സീനിയർ വനിത സിവിൽ പോലീസ് ഓഫീസർ എം.എ. ബിജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ. ജമുന ഹാജരായി. ലേഖ പി. സുരേഷായിരുന്നു ലൈസൺ ഓഫീസർ.