മൂന്ന് ദിവസം പൊലീസിനെ വട്ടം കറക്കി വേഷം മാറി റെയിൽവേ ട്രാക്കിലൂടെ ഓട്ടം ഒടുവിൽ റസൽ വീണത് ഇങ്ങനെ
പറവൂരിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പിടിച്ചുപറി കേസ് പ്രതി റസലിനെ ഇടപ്പള്ളി തോട്ടിൽ ഒളിച്ചിരിക്കെ പൊലീസ് പിടികൂടി.
പൊലീസിനെ വെട്ടിച്ച് തോട്ടിൽ ഒളിച്ചു; പിടിച്ചുപറി കേസ് പ്രതി സാഹസികമായി പിടിയിൽ
കൊച്ചി: പൊലീസിനെ ആക്രമിച്ച് വിലങ്ങുമായി കടന്നുകളഞ്ഞ പിടിച്ചുപറി കേസ് പ്രതി മൂന്നാം ദിവസം പിടിയിലായി. പത്തനംതിട്ട പഴകുളം റസൽ മൻസിലിൽ റസലിനെ (20) ആണ് ഇടപ്പള്ളി തോട്ടിലെ ആഫ്രിക്കൻ പോളകൾക്കിടയിൽ ഒളിച്ചിരിക്കെ പൊലീസും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടിയത്.
ഞായറാഴ്ച പറവൂരിൽ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് റസലും കൂട്ടാളി സൂരജും പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. സൂരജിനെ അന്നുതന്നെ പിടികൂടിയിരുന്നു. എന്നാൽ റസലിനായി സിറ്റി പൊലീസ് കമ്മിഷണറുടെ സ്പെഷൽ സ്ക്വാഡും വിവിധ സ്റ്റേഷനുകളിലെ പൊലീസും തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
ഇന്നലെ ഉച്ചയോടെ എളമക്കര ഭാഗത്ത് പ്രതിയുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിൽ ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം ഇയാളെ കണ്ടെത്തി. പൊലീസുകാരെ കടിച്ചും തള്ളിയിട്ടും വീണ്ടും രക്ഷപ്പെട്ട പ്രതി റെയിൽവേ ട്രാക്ക് വഴി ഓടിമറയുകയായിരുന്നു. ഇതിനിടെ ഷർട്ട് മാറി വേഷപ്രച്ഛന്നനാകാനും ശ്രമിച്ചു.
തുടർന്ന് കടവന്ത്ര, എളമക്കര, ചേരാനല്ലൂർ സ്റ്റേഷനുകളിൽ നിന്നുള്ള വൻ പൊലീസ് സംഘം വട്ടേക്കുന്നം ഭാഗം വളഞ്ഞു. രക്ഷപ്പെടാൻ വഴിയില്ലാതെ വന്നതോടെ പ്രതി ഇടപ്പള്ളി തോട്ടിലേക്ക് ചാടി ആഫ്രിക്കൻ പോളകൾക്കിടയിൽ ഒളിച്ചു. ഒന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വെള്ളത്തിലിറങ്ങിയ മൂന്ന് പൊലീസുകാരാണ് പ്രതിയെ പുറത്തെത്തിച്ചത്. റെയിൽവേ ട്രാക്ക് കേന്ദ്രീകരിച്ച് യുവാക്കളെ മർദിച്ച് മൊബൈലും മാലയും കവരുന്ന സംഘത്തിലെ പ്രധാനിയാണ് റസൽ.