കെഎസ്ആർടിസിയിലെ വനിതാ സൗജന്യ യാത്ര പാവപ്പെട്ടവർക്ക് ആനുകൂല്യം നിഷേധിക്കണോ? എന്ന് ഹൈക്കോടതി ഹർജി വിധി പറയാൻ മാറ്റി
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെതിരായ ഹർജിയിൽ വിധി പറയാൻ മാറ്റി ഹൈക്കോടതി. ഹർജി പരിഗണിക്കവെ നിർണായക നിരീക്ഷണങ്ങളുമായി ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം. എന്നിവരടങ്ങിയ ബെഞ്ച്.
കെഎസ്ആർടിസിയിലെ വനിതാ സൗജന്യ യാത്ര: ‘പാവപ്പെട്ടവർക്ക് ആനുകൂല്യം നിഷേധിക്കണോ’ എന്ന് ഹൈക്കോടതി; ഹർജി വിധി പറയാൻ മാറ്റി
കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി നടത്തിയ വാക്കാലുള്ള നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായി.
"കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവരിലേറെയും സാധാരണ തൊഴിലാളികളല്ലേ? വരുമാനക്കൂടുതലുള്ള ഒരു 10 ശതമാനം പേർക്കു കൂടി ഇതിന്റെ പ്രയോജനം കിട്ടുന്നുണ്ട് എന്നു കരുതി ബാക്കിയുള്ളവർക്ക് ഈ ആനുകൂല്യം നിഷേധിക്കണോ?" എന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കിയ ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സാമ്പത്തിക മാനദണ്ഡങ്ങൾ നോക്കാതെ, കേവലം ലിംഗാടിസ്ഥാനത്തിൽ മാത്രം ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ ഉറപ്പുനൽകുന്ന സമത്വത്തിന്റെയും വിവേചനമില്ലായ്മയുടേയും ലംഘനമാണെന്ന് ഹർജിക്കാർ ആരോപിച്ചു.
സ്ത്രീകൾക്കായി പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15(3) സർക്കാരിന് അധികാരം നൽകുന്നുണ്ടെങ്കിലും, അത് കൃത്യമായ ലക്ഷ്യത്തോടും പ്രത്യേക പിന്നാക്കാവസ്ഥ പരിഹരിക്കാനും മാത്രമായിരിക്കണം. സാർവത്രികമായ ഇത്തരം സബ്‌സിഡികൾ ഈ വകുപ്പിന്റെ പരിധിയിൽ വരില്ലെന്നും ഹർജിഭാഗം വാദിച്ചു. കൃത്യമായ സാമ്പത്തിക പ്രത്യാഘാത പഠനങ്ങൾ നടത്താതെ നടപ്പാക്കിയ ഈ പദ്ധതി വഴി വർഷം 800 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്ക് ഉണ്ടാകുന്നതെന്നും അവർ കോടതിയെ ബോധിപ്പിച്ചു.
എന്നാൽ, കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ സംസ്ഥാനങ്ങളിലെ പദ്ധതികളെക്കുറിച്ച് കൃത്യമായ പഠനം നടത്തിയ ശേഷമാണ് കേരളത്തിലും ഇത് നടപ്പിലാക്കിയത്. സ്ത്രീശാക്തീകരണമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഒരു ക്ഷേമരാഷ്ട്രം എന്ന നിലയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള വിവിധ കോടതികളുടെ മുൻ വിധിന്യായങ്ങളും സർക്കാർ കോടതിയിൽ ഹാജരാക്കി. ഇരുഭാഗത്തിന്റേയും വാദങ്ങൾ പൂർത്തിയായതിനെ തുടർന്ന് കേസ് വിധി പറയുന്നതിനായി മാറ്റിവെക്കുകയാണെന്ന് കോടതി വ്യക്തമാക്കി.