മുഖ്യമന്ത്രി വി.ഡി.സതീശൻ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു

കേരള മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ച് വി.ഡി.സതീശൻ. പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി വി.ഡി.സതീശൻ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർക്കൊപ്പം മുഖ്യമന്ത്രി വി.ഡി.സതീശൻ.

കേരള മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനത്തിൽ ദേവലോകം അരമനയിലെത്തി വി.ഡി.സതീശൻ

കോട്ടയം: ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ സന്ദർശനം നടത്തി. മുഖ്യമന്ത്രിയായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സഭാ ആസ്ഥാന സന്ദർശനമാണിത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.

​സന്ദർശനത്തിന്റെ ഭാഗമായി മുൻ സഭാധ്യക്ഷൻമാരുടെ കബറിടങ്ങളിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ എംഎൽഎയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സർക്കാരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് സഭാധ്യക്ഷൻ ഉറപ്പുനൽകി.

​ഒരു മണിക്കൂറോളം സഭാ ആസ്ഥാനത്ത് ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹം അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, അരമന അസി. മാനേജർ ഫാ. ഗീവർഗീസ് ജോൺസൺ തുടങ്ങിയവർ ചടങ്ങിലും കൂടിക്കാഴ്ചയിലും സന്നിഹിതരായിരുന്നു