അനധികൃത ചെങ്കൽ ഖനനം രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി

കണ്ണൂർ ജില്ലയിലെ വെള്ളോറ, പാണപ്പുഴ വില്ലേജുകളിൽ റവന്യൂ മോട്ടോർ വാഹന വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി ചെങ്കൽ കടത്തിയ വാഹനങ്ങളിൽ നിന്ന് രണ്ടു ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി.

അനധികൃത ചെങ്കൽ ഖനനം രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി
പാണപ്പുഴ വില്ലേജിലെ പൂതപ്പാറയില്‍ സംയുക്ത സംഘം പരിശോധന നടത്തുന്നു
അനധികൃത ചെങ്കൽ ഖനനം രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി

വെള്ളോറയിലും പാണപ്പുഴയിലും അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ മിന്നല്‍ പരിശോധന; രണ്ടു ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി

കണ്ണൂർ: ജില്ലയിലെ വെള്ളോറ, കക്കറ, പാണപ്പുഴ വില്ലേജ് പരിധികളിൽ വ്യാപകമായി നടക്കുന്ന അനധികൃത ചെങ്കൽ ഖനനത്തിനും കടത്തിനും എതിരെ കർശന നടപടിയുമായി വിവിധ വകുപ്പുകളുടെ സംയുക്ത സംഘം. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. വിനോദ് കുമാറിന്റെ ഏകോപനത്തിൽ റവന്യൂ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകൾ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ടു ലക്ഷത്തിലധികം രൂപ പിഴ ഈടാക്കിയത്.

​വെള്ളോറ, പാണപ്പുഴ വില്ലേജ് പരിധികളിലെ കോയിപ്ര, ബക്കളംപാറ തുടങ്ങിയ പ്രദേശങ്ങളിൽ യാതൊരു പെർമിറ്റുമില്ലാതെ വലിയ തോതിൽ ചെങ്കൽ ഖനനവും കടത്തും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന സംഘം രൂപീകരിച്ചത്.

​പ്രദേശത്തെ ക്വാറികളിലും വാഹനങ്ങളിലും നടത്തിയ പരിശോധനയിൽ പത്തോളം ചരക്ക് വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ അമിതഭാരം കയറ്റി സർവീസ് നടത്തിയ അഞ്ച് വാഹനങ്ങളിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് 95,750 രൂപ പിഴ ഈടാക്കി. കൂടാതെ, മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പെർമിറ്റോ പാസോ ഇല്ലാതെ അനധികൃതമായി ചെങ്കൽ കടത്തിയ ആറ് വാഹനങ്ങളിൽ നിന്ന് 1,10,000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്.

​വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ കർശന പരിശോധനകൾ തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.

​സംയുക്ത പരിശോധനാ സംഘത്തിൽ ജിയോളജിസ്റ്റ് വിജയ, പാണപ്പുഴ വില്ലേജ് ഓഫീസർ പ്രദീപൻ എം, വെള്ളോറ വില്ലേജ് ഓഫീസർ പത്മനാഭൻ ബി, പെരിങ്ങോം പോലീസ് സ്റ്റേഷൻ എസ്.ഐ ചന്ദ്രൻ ടി.വി, പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്.ഐ ശ്രീകുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുധീഷ് എം.ജി, സബിൻ കെ, അഖിലേഷ് കെ. ബാലൻ, നികേത് വി.വി എന്നിവർ പങ്കെടുത്തു