സെൻസസ് 2027 സംസ്ഥാനത്ത് ഒന്നാംഘട്ടം പൂർത്തിയാക്കി കുട്ടനാട് താലൂക്ക് ചരിത്രനേട്ടത്തിൽ
സെൻസസ് 2027 ഒന്നാംഘട്ട പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ചരിത്രനേട്ടം കൈവരിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കും മാവേലിക്കര മുനിസിപ്പാലിറ്റിയും. ജൂലൈ 26 ഓടെയാണ് ഇവർ ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും വിജയകരമായി പൂർത്തിയാക്കിയത്.
സെൻസസ് 2027: സംസ്ഥാനത്ത് ആദ്യമായി ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി കുട്ടനാട് താലൂക്ക്
ആലപ്പുഴ: സെൻസസ് 2027-ന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് അഭിമാനാർഹമായ നേട്ടവുമായി ആലപ്പുഴ ജില്ല. ഹൗസ് ലിസ്റ്റിംഗും (House Listing) ഹൗസിംഗ് സെൻസസും (Housing Census) ജൂലൈ 1 മുതൽ 30 വരെ സംസ്ഥാനത്തുടനീളം പുരോഗമിക്കവെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് ഓഫീസും മാവേലിക്കര മുനിസിപ്പാലിറ്റിയും ജൂലൈ 26-ന് തന്നെ നടപടികൾ വിജയകരമായി പൂർത്തിയാക്കി മാതൃകയായി.
സംസ്ഥാനത്തെ 78 താലൂക്ക് ഓഫീസുകളിൽ നിന്ന് ഒന്നാംഘട്ട സെൻസസ് പ്രവർത്തനങ്ങൾ ആദ്യമായി പൂർത്തിയാക്കിയ താലൂക്ക് എന്ന അപൂർവ്വ നേട്ടമാണ് കുട്ടനാട് സ്വന്തമാക്കിയത്. നഗരസഭാ മേഖലകളിൽ മാവേലിക്കര മുനിസിപ്പാലിറ്റിയും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ശ്രദ്ധേയമായ വിജയം കൈവരിച്ചു. സംസ്ഥാനത്തെ പഞ്ചായത്ത് മേഖലകളിൽ സെൻസസ് ചാർജ് ഓഫീസർമാരായി തഹസിൽദാർമാരും നഗരസഭാ മേഖലകളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുമാണ് സേവനം അനുഷ്ഠിക്കുന്നത്.
കായലും കരയും ഇടകലർന്നതും ഗതാഗതപരമായി ഏറെ വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രകൃതിയാണ് കുട്ടനാടിന്റേത്. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് താലൂക്കിലെ ആകെ 320 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെയും (HLB) പ്രവർത്തനം പൂർത്തിയാക്കിയത്. സെൻസസ് ചാർജ് ഓഫീസർ, മേൽനോട്ട ഉദ്യോഗസ്ഥർ, എൻയൂമറേറ്റർമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ ആത്മാർഥവും ഏകോപിതവുമായ പ്രവർത്തനങ്ങളാണ് ഈ വലിയ വിജയത്തിന് പിന്നിൽ.
ഈ ശ്രദ്ധേയമായ നേട്ടത്തിന് നേതൃത്വം നൽകിയ കുട്ടനാട് തഹസിൽദാർ പി. കെ. സൗമ്യ, താലൂക്ക് ഓഫീസിലെ ജീവനക്കാർ, മാവേലിക്കര മുനിസിപ്പൽ സെക്രട്ടറി മേഘ മേരി കോശി, മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ എന്നിവരെ ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസറും ജില്ലാ കലക്ടറുമായ ഷാജി വി. നായർ പ്രത്യേകമായി അഭിനന്ദിച്ചു.
ആലപ്പുഴ ജില്ലയിൽ ആകെയുള്ള 3,707 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിൽ 2,607 എണ്ണത്തിലെ എൻയൂമറേഷൻ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിലെയും ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജൂലൈ 28-നകം പൂർത്തിയാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.