​കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ജോർജ് കുര്യനും ബിട്ടുവും രാജിവെച്ചേക്കും, ധർമേന്ദ്ര പ്രധാനെ മാറ്റാനും സാധ്യത

​കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. സഹമന്ത്രിമാരായ ജോർജ് കുര്യൻ, രവ്നീത് സിങ് ബിട്ടു എന്നിവർ രാജിവെച്ചേക്കും. ഘടകകക്ഷികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയേക്കുമെന്നും റിപ്പോർട്ട്.

​കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ജോർജ് കുര്യനും ബിട്ടുവും രാജിവെച്ചേക്കും, ധർമേന്ദ്ര പ്രധാനെ മാറ്റാനും സാധ്യത
​കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ; ജോർജ് കുര്യനും ബിട്ടുവും രാജിവെച്ചേക്കും, ധർമേന്ദ്ര പ്രധാനെ മാറ്റാനും സാധ്യത

​കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ; ജോർജ് കുര്യനും ബിട്ടുവും രാജിവെച്ചേക്കും, ധർമേന്ദ്ര പ്രധാനെ മാറ്റാനും സാധ്യത

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സുപ്രധാന മാറ്റങ്ങളോടെയുള്ള മന്ത്രിസഭാ പുനഃസംഘടന വൈകാതെ തന്നെയുണ്ടാകും. സഹമന്ത്രിമാരായ ജോർജ് കുര്യൻ, രവ്നീത് സിങ് ബിട്ടു എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധി രണ്ടാഴ്ചയ്ക്കകം അവസാനിക്കാനിരിക്കെ, ഇരുവരും അടുത്ത ദിവസങ്ങളിൽ തന്നെ രാജിവെക്കുമെന്നാണ് സൂചന. ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥിപ്പട്ടികയിൽ ഇരുവരും ഉൾപ്പെട്ടിട്ടില്ല.

​പാർട്ടി പദവികൾ ലഭിച്ച മറ്റ് ചില മന്ത്രിമാരും സ്ഥാനമൊഴിഞ്ഞേക്കും. കോർപറേറ്റ്കാര്യ, ഉപരിതല ഗതാഗത മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ഹർഷ് മൽഹോത്രയെ ബിജെപി ഡൽഹി ഘടകത്തിന്റെ അധ്യക്ഷനായും, ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെ ഉത്തർപ്രദേശ് ബിജെപി അധ്യക്ഷനായും നിയമിച്ചിരുന്നു. 'ഒരാൾക്ക് ഒരു പദവി' എന്ന ബിജെപിയുടെ പ്രഖ്യാപിത നയപ്രകാരം ഇവർ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് വിവരം.

​നീറ്റ് യുജി ചോദ്യക്കടലാസ് ചോർച്ച, സിബിഎസ്ഇ മൂല്യനിർണയത്തിലെ പിഴവുകൾ തുടങ്ങിയ വിവാദങ്ങളിൽ പെട്ട കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ കസേര തെറിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രധാനെ മാറ്റി പാർട്ടി ചുമതലകളിലേക്ക് നിയോഗിക്കാനാണ് സാധ്യത. ജെഡിയു, ടിഡിപി, എൻ‌സി‌പി, ആർ‌എൽ‌എം തുടങ്ങിയ എൻഡിഎ ഘടകകക്ഷികൾക്ക് പുനഃസംഘടനയിൽ പുതിയ പ്രാതിനിധ്യം ലഭിച്ചേക്കും.

​അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് മന്ത്രിസഭയിൽ വലിയ പരിഗണന ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ജോർജ് കുര്യൻ മാറുന്നതോടെ കേരളത്തിൽ നിന്ന് ഉടൻ മറ്റൊരു മന്ത്രിയുണ്ടാകാൻ സാധ്യത കുറവാണ്. ജൂൺ 10-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന ബിജെപി-എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിന് ശേഷമായിരിക്കും പുനഃസംഘടനയ്ക്ക് അന്തിമ രൂപം നൽകുക. ഇതോടൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടി ഭാരവാഹികളുടെ പ്രഖ്യാപനവും ഉണ്ടായേക്കും