അമ്മമാരുടെ മാനസികാരോഗ്യത്തിന് കുടുംബ പിന്തുണ അനിവാര്യം മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ

പ്രസവാനന്തര വിഷാദം അനുഭവിക്കുന്ന അമ്മമാർക്ക് മാനസിക പിന്തുണ നൽകുന്നതിനായി വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന അമ്മയ്ക്കൊപ്പം പൈലറ്റ് പദ്ധതി മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ എറണാകുളത്ത് ഉദ്ഘാടനം ചെയ്തു.

അമ്മമാരുടെ മാനസികാരോഗ്യത്തിന് കുടുംബ പിന്തുണ അനിവാര്യം മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ
അമ്മയ്ക്കൊപ്പം പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം വനിതാ-ശിശു വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിർവ്വഹിക്കുന്നു.
അമ്മമാരുടെ മാനസികാരോഗ്യത്തിന് കുടുംബ പിന്തുണ അനിവാര്യം മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ

അമ്മമാരുടെ മാനസികാരോഗ്യത്തിന് കുടുംബത്തിന്റെ പിന്തുണ അനിവാര്യം: ബിന്ദു കൃഷ്ണ

എറണാകുളം:  പ്രസവാനന്തര വിഷാദരോഗം അനുഭവിക്കുന്ന സ്ത്രീകളെ ഓൺലൈൻ സർവേയിലൂടെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുകയും ചെയ്യുന്നതിനായി വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന "അമ്മയ്ക്കൊപ്പം" പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം വനിതാ-ശിശു വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിർവഹിച്ചു.

അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഈ പദ്ധതി ഒരു പൈലറ്റ് പ്രോജക്റ്റായാണ് ആരംഭിച്ചിരിക്കുന്നത്. പ്രസവാനന്തര വിഷാദരോഗം എന്നത് അമ്മയുടെ കുറ്റമല്ലെന്നും, ഹോർമോൺ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്ക് സമൂഹം മാറുമ്പോൾ അമ്മമാർ നേരിടുന്ന വെല്ലുവിളികളും വർധിക്കുന്നുണ്ട്, അവിടെ അമ്മമാർക്ക് ലഭിക്കേണ്ട മാനസിക പിന്തുണ ഉറപ്പാക്കാനും, ഇത്തരം പ്രശ്നങ്ങളെ ശാസ്ത്രീയമായി അതിജീവിക്കാനും ഈ പദ്ധതി സഹായകരമാകും. 

 സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമിട്ട് വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള വനിതാ നയം സംസ്ഥാന സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയശേഷം നയം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമനിർമാണ സഭകൾ, ഭരണനിർവഹണ സംവിധാനങ്ങൾ, നീതിന്യായ മേഖല എന്നിവിടങ്ങളിൽ ജനസംഖ്യാനുപാതികമായ സ്ത്രീപങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. സ്ത്രീശാക്തീകരണം പുരുഷന്മാർക്കെതിരായ പോരാട്ടമല്ലെന്നും സ്ത്രീകൾക്കും പുരുഷന്മാർക്കും അവകാശങ്ങൾ ഉറപ്പാക്കുന്ന സമത്വാധിഷ്ഠിത സമൂഹമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അങ്കണവാടി പ്രവർത്തകരുടെയും ഹെൽപ്പർമാരുടെയും സേവനങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കുട്ടികളുടെ സംരക്ഷണത്തിനും വളർച്ചയ്ക്കുമായി വലിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന ഇവരുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും പറഞ്ഞു. പ്രസവാനന്തര വിഷാദം നേരത്തേ കണ്ടെത്തുന്നതിനുള്ള പൈലറ്റ് പദ്ധതി വിജയകരമായി നടപ്പാക്കി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സ്ത്രീകൾക്ക് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആത്മാഭിമാനത്തോടെയും നിർഭയമായും ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുന്നതിന് കുടുംബവും സമൂഹവും സർക്കാരും കൈകോർക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

കലൂർ പാറേക്കാട്ടിൽ മെമ്മോറിയൽ റിന്യൂവൽ സെന്ററിൽ നടന്ന ചടങ്ങിൽ എറണാകുളം നിയോജകമണ്ഡലം എം.എൽ.എ ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ജില്ലാ കളക്ടർ പ്രിയങ്ക ജി., എഴുത്തുകാരിയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.