അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് സ്വർണക്കടത്ത്
അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നും പേസ്റ്റ് രൂപത്തിലും മാലയായും കടത്താൻ ശ്രമിച്ച രണ്ടു കോടിയോളം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു കോടിയുടെ സ്വർണവുമായി മലയാളി കൊച്ചിയിൽ പിടിയിൽ
കൊച്ചി: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു കോടിയോളം രൂപയുടെ സ്വർണവുമായി മലയാളി കസ്റ്റംസിന്റെ പിടിയിലായി. അബുദാബിയിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി ജംഷീദ് ഇടകണ്ടിപൊയിൽ (36) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കൊച്ചിയിൽ എത്തിയത്. സംശയത്തെ തുടർന്ന് കസ്റ്റംസ് ഇയാളെ തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു. പ്രത്യേകമായി തയ്ച്ചെടുത്ത അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഇതിൽ നിന്ന് 1,246.23 ഗ്രാം 24 കാരറ്റ് സ്വർണം കണ്ടെടുത്തു.
ഇതിനുപുറമേ, 100.21 ഗ്രാം തൂക്കം വരുന്ന രണ്ട് 24 കാരറ്റ് സ്വർണമാലകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ ആകെ 1,97,22,653 രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കസ്റ്റംസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ജംഷീദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും, ഇത് വലിയ ഏതെങ്കിലും സ്വർണകടത്ത് സംഘത്തിന്റെ ഭാഗമാണോ എന്നതിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായും കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി.