വ്യാജവോട്ട് ആരോപണം ട്രാൻസ്ജെൻഡേഴ്സിനെതിരെ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വഞ്ചിയൂർ വാർഡിൽ വ്യാജവോട്ട് ആരോപണം
വഞ്ചിയൂരിൽ സംഘർഷം വ്യാജവോട്ട് ആരോപണം ട്രാൻസ്ജെൻഡേഴ്സിനെതിരെ ബിജെപി, തിരിച്ചും പരാതി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വഞ്ചിയൂർ വാർഡിൽ വ്യാജവോട്ട് ആരോപണത്തെത്തുടർന്നുണ്ടായ സംഘർഷം കടുക്കുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ വനിതാ പ്രവർത്തകരെ ഉൾപ്പെടെ മർദിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ പോലീസ് മേധാവിക്ക് (എസ്പി) പരാതി നൽകി. ബിജെപി നേതാവിൻ്റെ മകനെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
അതേസമയം, തങ്ങളെ ബിജെപി പ്രവർത്തകർ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് നാല് ബിജെപി പ്രവർത്തകർക്കെതിരെ ട്രാൻസ്ജെൻഡർ വിഭാഗവും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ തവണ 250ൽ അധികം വോട്ടുകൾക്ക് സിപിഎം വിജയിച്ച വാർഡാണ് വഞ്ചിയൂർ. ഇവിടെ രാവിലെ മുതൽ തന്നെ ബിജെപി വ്യാജവോട്ട് പരാതി ഉയർത്തിയിരുന്നു. പത്തിലേറെ വോട്ടുകൾ ബിജെപി പ്രവർത്തകർ ചലഞ്ച് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രാൻസ്ജെൻഡേഴ്സ് വോട്ട് ചെയ്യാനെത്തിയപ്പോൾ പ്രശ്നങ്ങൾ ഉടലെടുത്തത്.
വഞ്ചിയൂർ വാർഡിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ആരും താമസിക്കുന്നില്ലെന്നും, ശ്രീകണ്ഠേശ്വരത്തുള്ളവരാണ് ഇവിടെ വോട്ട് ചെയ്യാൻ എത്തിയിരിക്കുന്നതെന്നുമാണ് ബിജെപിയുടെ പ്രധാന ആരോപണം. തർക്കം നടക്കുന്നതിനിടെ ട്രാൻസ്ജെൻഡർമാരിൽ ഒരാൾ ബിജെപി വനിതാ നേതാവിൻ്റെ മകനെ മർദിച്ചതോടെ സംഘർഷാവസ്ഥ രൂക്ഷമായി. തുടർന്ന് പോലീസും ബിജെപി പ്രവർത്തകരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടർന്നാണ് സ്ഥലത്തെത്തിയ എസ്പിക്ക് ബിജെപി പരാതി കൈമാറിയത്.
സംഭവത്തെക്കുറിച്ച് എൽഡിഎഫ് സ്ഥാനാർഥി വഞ്ചിയൂർ ബാബു പ്രതികരിച്ചു. വോട്ടർ പട്ടികയിൽ ഉൾപ്പെട്ട എട്ട് ട്രാൻസ്ജെൻഡേഴ്സ് ആണ് വോട്ട് ചെയ്യാനെത്തിയതെന്നും കള്ളവോട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാൻസ്ജെൻഡേഴ്സ് വന്നപ്പോൾ കൂവിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. സംഘർഷത്തെത്തുടർന്ന് വാർഡിൽ നേരിയ സമയത്തേക്ക് വോട്ടെടുപ്പ് തടസ്സപ്പെട്ടു.

