മസാജിനെത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി കവർച്ച ഉടമയും രണ്ട് യുവതികളും അറസ്റ്റിൽ
തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ യുവാവിനെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഹണിട്രാപ്പ് ശ്രമമെന്നും പോലീസ്
മസാജ് സെന്ററിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി കവർച്ച: ഉടമയും രണ്ട് യുവതികളും അറസ്റ്റിൽ
തിരൂർ: മസാജ് സെന്ററിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി സ്വർണമാലയും പണവും ബൈക്കും കവർന്ന സംഭവത്തിൽ ഉടമയും രണ്ട് വനിതാ ജീവനക്കാരും പോലീസ് പിടിയിലായി. തിരൂർ എറ്റിരിക്കടവിൽ പ്രവർത്തിക്കുന്ന 'ഓറ വെൽനെസ് സെന്റർ' ഉടമ തിരുവനന്തപുരം സ്വദേശി സൗദ് (36), ജീവനക്കാരായ കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തലക്കാട് സ്വദേശിയായ മനോജ് എന്ന യുവാവാണ് ക്രൂരമായ മർദ്ദനത്തിനും കവർച്ചയ്ക്കും ഇരയായത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ മസാജിനായി സെന്ററിലെത്തിയ മനോജ് 1,500 രൂപ ഫീസ് അടച്ചിരുന്നു. മസാജിനായി വസ്ത്രം മാറുന്നതിനിടെ പ്രതികൾ യുവാവിന്റെ ചിത്രം മൊബൈലിൽ പകർത്തി. ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപയും വെള്ളക്കടലാസിൽ ഒപ്പും ആവശ്യപ്പെട്ടായിരുന്നു ഹണിട്രാപ്പ് ശ്രമം.
യുവാവ് ഇതിന് വഴങ്ങാതിരുന്നതോടെ പ്രതികൾ മാരകമായി ഉപദ്രവിക്കുകയും കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ സ്വർണമാല, 28,500 രൂപ, പവർ ബാങ്ക്, ബൈക്ക് എന്നിവ തട്ടിയെടുക്കുകയുമായിരുന്നു. യുവാവിന്റെ വിരലിലെ മോതിരം ഊരിയെടുക്കാനും ശ്രമം നടന്നു. പരിക്കേറ്റ മനോജ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ പക്കൽ നിന്നും മാലയും ബൈക്കും പോലീസ് കണ്ടെടുത്തു. മുഖ്യപ്രതിയായ സൗദ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, മസാജ് സെന്ററിലെ വനിതാ ജീവനക്കാരെ ഉപദ്രവിച്ചു എന്ന പരാതിയിൽ മനോജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎസ്പി കെ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.