മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിന്റെ കിരീടം 4K ഡോൾബി അറ്റ്മോസ് മികവിൽ വീണ്ടുമെത്തുന്നു ട്രെയ്‌ലർ ലോഞ്ച് കൊച്ചിയിൽ നടന്നു
മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ കിരീടം 36 വർഷങ്ങൾക്ക് ശേഷം 4K ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ലോഞ്ച് ഇന്ന് ജൂൺ 22 ന് കൊച്ചിയിൽ നടന്നു
36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ വീണ്ടുമെത്തുന്നു; 'കിരീടം' 4K ദൃശ്യഭംഗിയിൽ റീ-റിലീസിന്; ട്രെയ്‌ലർ ലോഞ്ച് ഇന്ന് കൊച്ചിയിൽ
കൊച്ചി: മലയാള സിനിമാ ചരിത്രത്തിൽ വിസ്മയമായി മാറിയ ലോഹിതദാസ്-സിബി മലയിൽ-മോഹൻലാൽ കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രം "കിരീടം" വീണ്ടും തിയേറ്ററുകളിലേക്ക്. റിലീസ് ചെയ്ത് 36 വർഷങ്ങൾ പിന്നിടുമ്പോൾ, അത്യാധുനിക 4K ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പുനർജനിക്കുന്നത്. റീ-റിലീസിനോടനുബന്ധിച്ചുള്ള ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ ലോഞ്ചും ഇന്ന് ജൂൺ 22 (തിങ്കളാഴ്ച) വൈകീട്ട് 05.00 മണിക്ക് കൊച്ചി കലൂർ ഗോകുലം പാർക്കിൽ വെച്ച് നടന്നു .
മെഗാസ്റ്റാർ മോഹൻലാൽ, സംവിധായകൻ സിബി മലയിൽ,ജഗദീഷ്, പാർവതി,കനകലത ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ, അണിയറപ്രവർത്തകർ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC) പ്രതിനിധികൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ഈ ജൂൺ മാസത്തിൽ തന്നെ തിയേറ്ററുകളിൽ എത്തും.
1989-ൽ കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്ന് നിർമ്മിച്ച 'കിരീടം', മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്ക് ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. സേതുമാധവൻ എന്ന കഥാപാത്രത്തിന്റെ നിസ്സഹായതയും, അച്യുതൻ നായരുമായി (തിലകൻ) ഉള്ള വൈകാരിക രംഗങ്ങളും ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും ഇന്നും മലയാളികളുടെ മനസ്സിൽ നോവായി തുടരുന്നു.
സിനിമ പ്രേമികൾക്ക് വികാരനിർഭരമായ ഒരു പുനർവായന കൂടിയാകും ഈ റീ-റിലീസ്. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് പിന്നീട് ഓർമ്മയായി മാറിയ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത എന്നിവരെ വീണ്ടും വെള്ളിത്തിരയിൽ കാണാനുള്ള അവസരം കൂടിയാണിത്. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു തുടങ്ങിയവരുടെ അഭിനയവും എസ്. കുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന സവിശേഷതകളാണ്.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം ഇന്ത്യയിലുടനീളം വിതരണത്തിന് എത്തിക്കുന്നത്. എൽ. ഭൂമിനാഥൻ (എഡിറ്റർ), കൈതപ്രം (ഗാനരചന), വേലപ്പൻ (മേക്കപ്പ്), സി.കെ. സുരേഷ് (ആർട്ട്), പ്രസാദ് കോർപ്പ് (റീസ്റ്റോറേഷൻ), ഹൈ സ്റ്റുഡിയോസ് (4K റീമാസ്റ്ററിങ്), ഡോൺ മാക്സ് (ട്രെയ്ലർ കട്സ്), പി. ശിവപ്രസാദ് (പി.ആർ.ഓ) എന്നിവരാണ് ഈ പുനരാവിഷ്കാരത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് സാങ്കേതിക വിദഗ്ദ്ധർ.