വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി നിയമന ഉത്തരവുകൾ ഇന്ന് മുതൽ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി കൗണ്ടിങ് സൂപ്പർവൈസർമാർ, അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.
വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി; പരിശീലനം ഏപ്രിൽ 29 മുതൽ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾ സുതാര്യമായി പൂർത്തിയാക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്ന ആദ്യഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിലാണ് നടപടികൾ നടന്നത്. കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഓർഡർ പോർട്ടൽ' വഴിയാണ് നിയമന നടപടികൾ ഏകോപിപ്പിക്കുന്നത്. സുതാര്യത ഉറപ്പാക്കുന്നതിനായി സോഫ്റ്റ്‌വെയർ മുഖേനയാണ് റാൻഡമൈസേഷൻ നടത്തുന്നത്. ആദ്യഘട്ടത്തിൽ 30 ശതമാനം റിസർവ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രണ്ടാംഘട്ട നടപടികൾ പൂർത്തിയാകുന്നതോടെ റിസർവ് ഉദ്യോഗസ്ഥരുടെ എണ്ണം 20 ശതമാനമായി ക്രമീകരിക്കും.
ഉദ്യോഗസ്ഥരുടെ വിന്യാസം ഇങ്ങനെ:
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (EVM) വോട്ടുകൾ എണ്ണുന്നതിനായി ഓരോ വിഭാഗത്തിലും 266 പേരെ വീതം നിയോഗിച്ചു. തപാൽ വോട്ടുകൾ എണ്ണുന്നതിനായി 115 കൗണ്ടിങ് സൂപ്പർവൈസർമാർ, 216 കൗണ്ടിങ് അസിസ്റ്റന്റുമാർ, 115 മൈക്രോ ഒബ്സർവർമാർ എന്നിവരെയും നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലാകെ വോട്ടെണ്ണൽ ജോലികൾക്കായി 381 കൗണ്ടിങ് സൂപ്പർവൈസർമാരും 482 അസിസ്റ്റന്റുമാരും 381 മൈക്രോ ഒബ്സർവർമാരും ഉൾപ്പെടെ വിപുലമായ ഉദ്യോഗസ്ഥ നിരയാണ് സജ്ജമായിരിക്കുന്നത്.
നിയമന ഉത്തരവുകൾ നേരിട്ട് ഡൗൺലോഡ് ചെയ്യാം
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവുകൾ ഏപ്രിൽ 27-ന് തന്നെ വിതരണം ചെയ്യാൻ കളക്ടർ നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർക്ക് സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ച് 'ഓർഡർ പോർട്ടലിൽ' ലോഗിൻ ചെയ്ത് ഉത്തരവുകൾ നേരിട്ട് ഡൗൺലോഡ് ചെയ്യാം. എല്ലാ ഉദ്യോഗസ്ഥർക്കും ഉത്തരവുകൾ ലഭിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തണം.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക പരിശീലനം ഏപ്രിൽ 29 മുതൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിക്കും. വോട്ടെണ്ണൽ സുതാര്യവും കുറ്റമറ്റതുമാക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു.