ചത്താപച്ച
ഗുസ്തി പശ്ചാത്തലത്തിൽ ചത്താപച്ച ജനുവരി 22-ന് തിയേറ്ററുകളിലേക്ക് യുവാക്കളുടെ ആവേശമായ ഗുസ്തി മത്സരം
ഗുസ്തി പശ്ചാത്തലത്തിൽ ‘ചത്താപച്ച (റിംഗ് ഓഫ് റൗഡീസ്)’ ജനുവരി 22-ന് തിയേറ്ററുകളിലേക്ക്; ശങ്കർ-ഇഹ്സാൻ-ലോയ് ടീം മലയാളത്തിലേക്ക്
കൊച്ചി: യുവാക്കളുടെ ആവേശമായ ഗുസ്തി (Wrestling) പശ്ചാത്തലമാക്കി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താപച്ച (റിംഗ് ഓഫ് റൗഡീസ്)' ജനുവരി 22-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. റീൽ വേൾഡ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രമേഷ് എസ്. രാമകൃഷ്ണൻ, റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ബോളിവുഡിലെ പ്രശസ്ത സംഗീത കൂട്ടുകെട്ടായ ശങ്കർ-ഇഹ്സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് വിറ്റുപോയത്. ചിത്രത്തിന്റെ റിലീസ് പോസ്റ്ററിലെ 'M' എന്ന അക്ഷരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യമാണോ എന്ന ചർച്ചകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.
അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ വിശാഖ് നായരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫോർട്ട് കൊച്ചിയിൽ 90 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം വലിയ ക്യാൻവാസ്സിലാണ് പൂർത്തിയാക്കിയത്. സിദ്ദിഖ്, സായ് കുമാർ, മുത്തുമണി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 'സുമേഷ് രമേഷ്' എന്ന ചിത്രത്തിന് ശേഷം സനൂപ് തൈക്കൂടം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്. വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്
.

