ഓട്ടോറിക്ഷകളിൽ എം വി ഡി മിന്നൽ പരിശോധന
കൊച്ചിയിൽ ഓട്ടോറിക്ഷകളിൽ എം.വി.ഡി മിന്നൽ പരിശോധന 174 പേർക്കെതിരെ നടപടി
കൊച്ചിയിൽ ഓട്ടോറിക്ഷകളിൽ എം.വി.ഡി മിന്നൽ പരിശോധന: 174 പേർക്കെതിരെ നടപടി
കൊച്ചി: നഗരത്തിൽ രാത്രികാലങ്ങളിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 174 പേർക്കെതിരെ നടപടി. യാത്രക്കാരുടെ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. എറണാകുളം ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞ് 365 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്.
എം.ജി റോഡ്, വൈറ്റില, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പിടിക്കപ്പെട്ടവരിൽ 72 പേർ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെയാണ് സർവ്വീസ് നടത്തിയിരുന്നത്. മറ്റ് ജില്ലകളിൽ നിന്ന് പെർമിറ്റില്ലാതെ കൊച്ചിയിലെത്തി സർവ്വീസ് നടത്തിയ 20 വാഹനങ്ങളും സംഘം കസ്റ്റഡിയിലെടുത്തു. ഫിറ്റ്നസ് ഇല്ലാത്ത 15 ഓട്ടോകളും ലൈസൻസില്ലാതെ വണ്ടി ഓടിച്ച 7 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ആർ.ടി.ഒ അറിയിച്ചു.

