ഗ്യാസ് സിലിണ്ടർ ബുക്കിങ് ഇനി പഴയതുപോലെയല്ല മേയ് 1 മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ
എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടങ്ങളിൽ മേയ് 1 മുതൽ മാറ്റം വരുന്നു. നഗര ഗ്രാമ മേഖലകളിൽ ബുക്കിങ് ഇടവേളകൾ വർധിപ്പിച്ചു. ഉജ്വല ഉപഭോക്താക്കൾക്ക് ഇ കെവൈസി നിർബന്ധം.
പാചകവാതക വിതരണത്തിൽ കടുത്ത നിയന്ത്രണം: ബുക്കിങ് ഇടവേള വർധിപ്പിച്ചു; മേയ് ഒന്ന് മുതൽ പുതിയ ചട്ടങ്ങൾ
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വത്തെത്തുടർന്ന് രാജ്യത്തെ പാചകവാതക വിതരണ ശൃംഖലയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. മേയ് ഒന്നുമുതൽ എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ തീരുമാനിച്ചു. ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായതാണ് ഇന്ത്യയിലെ വിതരണ ക്രമത്തെയും ബാധിച്ചത്.
പുതിയ ബുക്കിങ് നിയന്ത്രണങ്ങൾ
വിതരണത്തിലെ താളംതെറ്റൽ ഒഴിവാക്കുന്നതിനായി സിലിണ്ടറുകൾ ബുക്ക് ചെയ്യാവുന്ന ഇടവേളകൾ പുനഃക്രമീകരിച്ചു. നഗരമേഖലകളിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്തുകഴിഞ്ഞാൽ അടുത്ത ബുക്കിംഗിനായി 25 ദിവസം കാത്തിരിക്കണം. നേരത്തെ ഇത് 21 ദിവസമായിരുന്നു. ഗ്രാമീണ മേഖലകളിൽ ഈ കാലാവധി 45 ദിവസമായി ഉയർത്തിയിട്ടുണ്ട്. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ സിലിണ്ടർ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾ വരുംദിവസങ്ങളിൽ ബുദ്ധിമുട്ടിലാകാൻ സാധ്യതയുണ്ട്.
വിലവർധന ഭീതിയിൽ ഉപഭോക്താക്കൾ
ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ വില മേയ് ഒന്നിന് വീണ്ടും വർധിക്കാനാണ് സാധ്യത. യുദ്ധസാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിലുള്ള വിലക്കയറ്റം ഉണ്ടായിരുന്നു. മാർച്ചിൽ ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിച്ചതോടെ തിരുവനന്തപുരത്ത് നിലവിലെ വില 922 രൂപയാണ്. വാണിജ്യ സിലിണ്ടറുകൾക്ക് മാർച്ചിലും ഏപ്രിലിലുമായി 344 രൂപയോളം വർധിച്ചിരുന്നു. ഈ പ്രവണത മേയ് മാസത്തിലും തുടരുമെന്നാണ് സൂചന.
കെവൈസിയും ഒടിപിയും കർശനം
ഗാർഹിക കണക്ഷനുകളുടെ ദുരുപയോഗം തടയാൻ ഒടിപി (OTP) അടിസ്ഥാനമാക്കിയുള്ള വിതരണം സർക്കാർ സ്ഥിരമാക്കി. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പാസ്‌വേഡ് ഡെലിവറി ഏജന്റിന് നൽകിയാൽ മാത്രമേ ഇനി സിലിണ്ടർ കൈപ്പറ്റാനാകൂ. കൂടാതെ, പ്രധാനമന്ത്രി ഉജ്വല യോജന ഉപഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത ഇ-കെവൈസി നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ സാമ്പത്തിക വർഷവും ഇത് പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ആനുകൂല്യങ്ങൾ തടസ്സപ്പെട്ടേക്കാം.
ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം
അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ക്രൂഡ് ഓയിലിന്റെയും പാചകവാതകത്തിന്റെയും മതിയായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും പരിഭ്രാന്തരായി അനാവശ്യ ബുക്കിങ്ങുകൾ നടത്തരുതെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു.