​ജസ്‌ലിയയുടെ മരണം പ്രതി ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ

അങ്കമാലിയിൽ വിദ്യാർഥിനി ജസ്‌ലിയ കാറിടിച്ചു മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക്കിനെ പൊലീസ് പിടികൂടി. വാഗമണ്ണിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

​ജസ്‌ലിയയുടെ മരണം പ്രതി ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ
​ജസ്‌ലിയയുടെ മരണം: പ്രതി ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ

​അങ്കമാലി: അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപം കാറിടിച്ചു വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക് പിടിയിൽ. വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നു ദിവസമായി സിറിയക്കിന്റെ ഫോൺ ടവർ ലൊക്കേഷൻ വാഗമണ്ണിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അപകടം നടന്ന് ഏഴാം ദിവസം പ്രതി പിടിയിലാകുന്നത്. ഇയാളെ ഉടൻ അങ്കമാലി പൊലീസിന് കൈമാറും.

​ഫെബ്രുവരി 28-നാണ് വൈപ്പിൻ എടവനക്കാട് സ്വദേശിനിയും അങ്കമാലി മോണിങ് സ്റ്റാർ കോളജ് വിദ്യാർഥിനിയുമായ ജസ്‌ലിയ ജോൺസൺ കാറിടിച്ചു മരിക്കുന്നത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നു പോകുകയായിരുന്ന ജസ്‌ലിയയെ സിറിയക് ഓടിച്ച കാർ പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്‌ലിയ ഈ മാസം മൂന്നിനാണ് മരണത്തിന് കീഴടങ്ങിയത്. ജസ്‌ലിയയുടെ അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തിരുന്നു.

​കേസിൽ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചാലാക്ക മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് പ്രതിയായ സിറിയക്. അപകടസമയത്ത് കാറിലുണ്ടായിരുന്ന സഹപാഠി അക്ഷയ് കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു.