ചിരിയുടെ പൂരവുമായി ഷറഫുദീൻ മധുവിധു ട്രെയ്‌ലർ പുറത്ത്, ചിത്രം ഏപ്രിൽ 23 ന് തിയേറ്ററുകളിലേക്ക്
ഷറഫുദീൻ നായകനാകുന്ന ഫാമിലി റോം കോം എന്റർടൈനർ മധുവിധു ട്രെയ്‌ലർ പുറത്തിറങ്ങി. കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഏപ്രിൽ 23 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
തിരുവനന്തപുരം: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷറഫുദീൻ ചിത്രം 'മധുവിധു'വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. തിരുവനന്തപുരം ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നിർവ്വഹിച്ചത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 23-ന് ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും.
വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പൂർണ്ണമായും ഒരു ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് പുരുഷന്മാർ മാത്രമുള്ള, സ്ത്രീ സാന്നിധ്യമില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. 'പൊന്മാൻ', 'ഗഗനചാരി' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അജിത് വിനായക ഫിലിംസ് പുറത്തിറക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണിത്.
പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ പ്രമോ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഹിഷാം അബ്ദുൾ വഹാബ് സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാറും മാളവിക കൃഷ്ണദാസുമാണ് ചിത്രത്തിന്റെ സഹനിർമ്മാണം. കേരളത്തിൽ അജിത് വിനായക ഫിലിംസും ഓവർസീസ് വിപണിയിൽ ഫാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

