സൈബർ ത്രില്ലർ ആവേശം അച്യുത അവതാരം ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

തുളുനാടൻ വിശ്വാസവും സൈബർ ക്രൈമും കോർത്തിണക്കി നവാഗതനായ പുനീത് സംവിധാനം ചെയ്യുന്ന അച്യുത അവതാരം സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

സൈബർ ത്രില്ലർ ആവേശം അച്യുത അവതാരം ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ
സൈബർ ത്രില്ലർ ആവേശം 'അച്യുത അവതാരം ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

​കൊച്ചി: മലയാള സിനിമയിൽ പുതിയൊരു ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് സൈബർ-ത്രില്ലർ ചിത്രം ‘അച്യുത അവതാരം’ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റെ ആകാംക്ഷ ജനിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. തുളുനാടൻ വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനീത് ആണ് സംവിധാനം ചെയ്യുന്നത്.

​റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വർഷങ്ങളായി തമിഴ്, തെലുങ്ക് സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള പുനീതിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

​"കനലിൽ ആടിത്തിമിർക്കുന്ന തീച്ചാമുണ്ഡി തെയ്യം പോലെ... എരിയുന്ന തീയിലേക്ക് ശാന്തമായി നൃത്തമാടുന്ന പോലെ..." എന്നാണ് ചിത്രത്തെക്കുറിച്ച് നിർമ്മാതാക്കൾ വിശേഷിപ്പിക്കുന്നത്. പുരാതന വിശ്വാസങ്ങളെയും ആധുനിക സൈബർ ലോകത്തെയും ബന്ധിപ്പിക്കുന്ന ഒരു വ്യത്യസ്ത പ്രമേയമായിരിക്കും ചിത്രമെന്നാണ് സൂചന.

​പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും:

പ്രമുഖ നർത്തകിയും നടിയുമായ മാളവിക നന്ദൻ, ‘കാന്താര’യിലൂടെ ശ്രദ്ധേയനായ അവിനാശ്, സീമ ജി. നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം അന്യഭാഷാ താരങ്ങളും അണിനിരക്കുന്നു.

​ഛായാഗ്രഹണം: ആനന്ദ് മീനാക്ഷി (ദേശീയ അവാർഡ് ജേതാവ്)

​സംഗീതം: പ്രസന്ന കുമാർ എം.എസ് (വരികൾ: ഹരീഷ് മോഹനൻ)

​എഡിറ്റിംഗ്: പവൻ പൂവയ്യ, മഹേഷ് തോട്ട

​വി.എഫ്.എക്സ്: ഐഡന്റ് ലാബ്സ്

​കാസർകോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്തും. പി. ശിവപ്രസാദാണ് ചിത്രത്തിന്റെ പി.ആർ.ഒ. ഡിജിറ്റൽ മാർക്കറ്റിംഗ് വൈറ്റ് പേപ്പർ നിർവ്വഹിക്കുന്നു.