കാല്‍നടയാത്രക്കാരുടെ സുരക്ഷയുടെ ഭാഗമായി കൈവരികള്‍
മൂവാറ്റുപുഴ: നഗരവികസന പ്രവര്‍ത്തനങ്ങള്‍ നടക്കു ന്ന മൂവാറ്റുപുഴ നഗരത്തിന് ഇനി പുതിയ മുഖം. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെയും കാല്‍നടയാത്രക്കാരുടെ സുരക്ഷയുടെയും ഭാഗമായി പ്രധാന റോഡരികുകളില്‍ കൈവരികള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.
നഗരത്തിലെ തിരക്കേറിയ കച്ചേരിത്താഴം വലിയ പാലത്തിന്റെ നടപ്പാതയിലും ഇതിന്റെ ഭാഗമായി കൈവരികള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ നെഹ്‌റു പാര്‍ക്ക് വരെയുള്ള നടപ്പാതകള്‍ക്കരികിലായി കൈവരികള്‍ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുരുന്നത്. നഗരത്തിന് അഴകേകാന്‍ ഒരേ ഡിസൈനിലുള്ള ഇരുമ്പ് പൈപ്പുകളില്‍ തീര്‍ത്ത കൈവരികളാണ് ഇതിനായി ഉപയോഗിക്കുന്നത്. സമീപകാലത്ത് റോഡുകള്‍ ആധുനിക രീതിയില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയതോടെ നഗരത്തിലൂടെയുള്ള വാഹനങ്ങളുടെ വേഗത ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. ഇത് കാല്‍നടയാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും വയോജനങ്ങള്‍ക്കും വലിയ വെല്ലുവിളിയായിരുന്നു ഉയര്‍ത്തിയിരുന്നത്. നടപ്പാതയും റോഡും വേര്‍തിരിച്ചുകൊണ്ട് പുതിയ കൈവരികള്‍ വരുന്നതോടെ കാല്‍നടയാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പാക്കാന്‍ സാധിക്കും.

