റേഷൻ കാർഡ് വിതരണം നാളെ 73,024 പിങ്ക് കാർഡുകളും 2000 മഞ്ഞ കാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി പുതുതായി അനുവദിച്ച 73,024 മുന്‍ഗണനാ പിങ്ക് കാര്‍ഡുകളുടെയും 2,000 എഎവൈ മഞ്ഞ കാര്‍ഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ നിർവഹിക്കും..
റേഷൻ കാർഡ് വിതരണം നാളെ: 73,024 പിങ്ക് കാർഡുകളും 2000 മഞ്ഞ കാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ (ഓഗസ്റ്റ് 03) മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. കനകക്കുന്ന് പാലസ് മെയിൻഹാളിൽ രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും.
മാറിവരുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ച് അനർഹരെ ഒഴിവാക്കി ഏറ്റവും അർഹരായ കുടുംബങ്ങളെ ഉൾക്കൊള്ളിച്ചാണ് പുതിയ കാർഡുകൾ നൽകുന്നത്. പുതിയതായി 73,024 മുൻഗണനാ പിങ്ക് കാർഡുകളാണ് വിതരണത്തിനായി അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമേ, സമൂഹത്തിലെ അങ്ങേയറ്റം ദരിദ്രരായ കുടുംബങ്ങൾക്കായി പുതുതായി 2000 എഎവൈ (മഞ്ഞ) കാർഡുകളും അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത 6,900 കുടുംബങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ 2,000 എഎവൈ കാർഡുകൾ നൽകുന്നത്. ഇരുവിഭാഗത്തിൽ നിന്നുമായി തിരഞ്ഞെടുത്ത 20 പേർക്ക് ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ട് കാർഡുകൾ കൈമാറും.
ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയായിരിക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, മേയർ വി.വി. രാജേഷ്, ഡോ. ശശി തരൂർ എം.പി., സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം., വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസ്, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കും.
അർഹരായ എല്ലാവർക്കും മുൻഗണനാ റേഷൻ ആനുകൂല്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കാർഡുകൾ വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.