​ലഹരി വിരുദ്ധ പോരാട്ടത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്ക് വിവരങ്ങൾ നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും റൂറൽ എസ്പി കെ.എസ് സുദർശൻ

കൊച്ചി റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച തൂഫാൻ വാരിയേഴ്സിൻ്റെ പ്രഥമ യോഗം ആലുവയിൽ നടന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം

​ലഹരി വിരുദ്ധ പോരാട്ടത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്ക് വിവരങ്ങൾ നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും റൂറൽ എസ്പി കെ.എസ് സുദർശൻ
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്ക്: 'തൂഫാൻ വാരിയേഴ്സ്' പ്രഥമ യോഗം റൂറൽ ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു

​ലഹരി വിരുദ്ധ പോരാട്ടത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്ക്; വിവരങ്ങൾ നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും: റൂറൽ എസ്പി കെ.എസ് സുദർശൻ

ആലുവ: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്നും സമൂഹത്തിൽ ഗുണപരമായ മാറ്റം ഇവരിലൂടെ സാധ്യമാകുമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി കെ. എസ് സുദർശൻ. റൂറൽ ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 'തൂഫാൻ വാരിയേഴ്സിൻ്റെ' പ്രഥമ യോഗം ആലുവ ഐ.എം.എ (IMA) ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിനെ കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയങ്ങളിൽ പോലീസിനെ അറിയിക്കണം. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും എസ്പി ഉറപ്പുനൽകി.

​റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ കീഴിൽ വരുന്ന വിവിധ വിദ്യാലയങ്ങളിൽ നിന്നാണ് തൂഫാൻ വാരിയേഴ്‌സിനെ തിരഞ്ഞെടുത്തിട്ടുള്ളത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇവർക്ക് പ്രത്യേക പരിശീലനം നൽകും. ചടങ്ങിൽ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ജില്ലാ പോലീസ് മേധാവി നേരിട്ട് മറുപടി നൽകി.

​നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ മുഖ്യപ്രഭാഷണം നടത്തി. മുനമ്പം ഡി.വൈ.എസ്.പി എസ്. ജയകൃഷ്ണൻ, പുത്തൻകുരിശ് ഡി.വൈ.എസ്.പി നിഷാദ് മോൻ, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി.കെ അരുൺ, ആലുവ ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

​ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളാണ് റൂറൽ പോലീസ് സ്വീകരിച്ചു വരുന്നത്. 'ഓപ്പറേഷൻ തൂഫാൻ്റെ' ഭാഗമായി ജില്ലയിൽ ഇതുവരെ 33 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനോടകം 630-ഓളം കേന്ദ്രങ്ങളിൽ പോലീസ് കർശന പരിശോധന നടത്തിക്കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.