സംസ്ഥാന കർഷക ദിനാഘോഷം ആഗസ്റ്റ് 17 ന് കൃഷിനാശ ധനസഹായം 25% വർധിപ്പിച്ചു, കേന്ദ്രത്തോട് 110 കോടി ആവശ്യപ്പെട്ടു

ചിങ്ങം ഒന്നിന് നടക്കുന്ന സംസ്ഥാന കർഷക ദിനാഘോഷം കളമശ്ശേരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കാലവർഷത്തിൽ ഉണ്ടായ വിളനാശത്തിന് ധനസഹായം 25 ശതമാനം വർധിപ്പിച്ചതായി കൃഷിമന്ത്രി അറിയിച്ചു. 38 വിഭാഗങ്ങളിൽ അവാർഡുകൾ വിതരണം ചെയ്യും.

സംസ്ഥാന കർഷക ദിനാഘോഷം ആഗസ്റ്റ് 17 ന് കൃഷിനാശ ധനസഹായം 25% വർധിപ്പിച്ചു, കേന്ദ്രത്തോട് 110 കോടി ആവശ്യപ്പെട്ടു
കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തെക്കുറിച്ച് വിശദീകരിക്കാൻ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് നടത്തിയ വാർത്താസമ്മേളനം. മന്ത്രിമാരായ വി ഇ അബ്ദുൾ ഗഫൂർ, റോജി എം. ജോൺ തുടങ്ങിയവർ സമീപം
സംസ്ഥാന കർഷക ദിനാഘോഷം ആഗസ്റ്റ് 17 ന് കൃഷിനാശ ധനസഹായം 25% വർധിപ്പിച്ചു, കേന്ദ്രത്തോട് 110 കോടി ആവശ്യപ്പെട്ടു

കർഷക ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 38 വിഭാഗങ്ങളിൽ കർഷക അവാർഡുകൾ വിതരണം ചെയ്യും

 കൊച്ചി:സംസ്ഥാന കർഷക ദിനാഘോഷം ചിങ്ങം ഒന്നിന് ( ആഗസ്റ്റ് 17) കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് കൃഷിമന്ത്രി ടി.സിദീഖ് അറിയിച്ചു. നമ്മുടെ അന്നദാതാക്കളായ കര്‍ഷകരുടെ അധ്വാനത്തെയും സമര്‍പ്പണത്തെയും സമൂഹം ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരമാണ് കര്‍ഷകദിനമെന്നും ഈ വര്‍ഷത്തെ കര്‍ഷക ദിനാഘോഷം യുഎന്‍ പ്രഖ്യാപിച്ച വനിതാ കര്‍ഷക വര്‍ഷത്തിലാണ് നടക്കുന്നതെന്ന പ്രത്യേകതയുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കർഷക ദിനത്തിന് മുന്നോടിയായി കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷക ദിനാഘോഷ ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. എംപിമാരായ ബെന്നി ബെഹ്നാന്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍, ഹാരീസ് ബീരാന്‍,ഡീന്‍ കുര്യാക്കോസ് എന്നിവരും എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍, കര്‍ഷക സുഹൃത്തുക്കള്‍, കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കാര്‍ഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളില്‍ കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഇതില്‍ 5 ലക്ഷം സമ്മാനത്തുകയോടെയുള്ള 'ശ്രീ ഉമ്മന്‍ ചാണ്ടി സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം' ആദ്യമായി സമ്മാനിക്കുന്നതും, 'മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷകന്‍', 'ഉദ്യാന ശ്രേഷ്ഠ' എന്നീ പുതിയ അവാര്‍ഡ് വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഈ വര്‍ഷത്തെ പ്രത്യേകതകളാണെന്നും

സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കാര്‍ഷിക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ഭൗമസൂചിക (ജി ഐ) പദവി ലഭിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കേരളഗ്രോ ഉല്‍പ്പന്നങ്ങള്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, മണ്ണ് സംരക്ഷണ വകുപ്പ്, വിവിധ സര്‍ക്കാര്‍ ഫാമുകള്‍, ഹോര്‍ട്ടികോര്‍പ്പ്, കേര, അഗ്മാര്‍ക്(എജിഎംഎആര്‍ക്), സഹകരണ മേഖലയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക യന്ത്രവത്കരണ സ്റ്റാളുകള്‍, മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക സംരംഭകത്വ മാതൃകകള്‍ എന്നിവയുടെ പ്രദര്‍ശന സ്റ്റാളുകള്‍ സജ്ജീകരിക്കും. ഇതോടൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും കാര്‍ഷിക ഏജന്‍സികളുടെയും സേവനങ്ങളും പദ്ധതികളും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനതല ആഘോഷത്തോടൊപ്പം എല്ലാ കൃഷിഭവനുകളുടെയും നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കര്‍ഷകദിനം ജനകീയ ആഘോഷമായി സംഘടിപ്പിക്കും. സംസ്ഥാന കർഷക ദിനം എറണാകുളം ജില്ലയിൽ നടക്കുന്നതിനാൽ എറണാകുളത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉച്ചയ്ക്കുശേഷം കർഷകദിന ആഘോഷങ്ങൾ നടക്കും. കര്‍ഷകരെ ആദരിക്കുന്നതിനൊപ്പം ഗ്രാമങ്ങളിലും നഗരങ്ങളിലും കാര്‍ഷിക സംസ്‌കാരം കൂടുതല്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഈ ആഘോഷങ്ങള്‍ വേദിയാകും.

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന ബൃഹത് പദ്ധതികളാണ് വകുപ്പ് ആവിഷ്‌കരിച്ച് നടത്തിവരുന്നത്. പുതുതലമുറയില്‍ കൃഷിയോടും പ്രകൃതിയോടും മണ്ണിനോടുമുള്ള ആത്മബന്ധം വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാനത്ത് 'കതിര്' കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിച്ചുവരികയാണ്. ഇതിന്റെ തുടര്‍ച്ചയായി 'കനിപ്പന്തല്‍ ഇനി വിദ്യാലയങ്ങളിലും' പദ്ധതിയിലൂടെ സംസ്ഥാനത്തെ 2,921 വിദ്യാലയങ്ങളില്‍ പഴവര്‍ഗ്ഗ പോഷകത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനും തുടക്കം കുറിച്ചിട്ടുണ്ട്. 2026 അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷ വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ സ്ത്രീകളുടെ കാര്‍ഷിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ 'കൃഷിസഖി' പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ഓണക്കാലത്ത് കേരളത്തിന്റെ പച്ചക്കറി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി 'ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം' ക്യാമ്പയിന്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.

വീടുകള്‍, വിദ്യാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, കൂട്ടായ കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും ഓണത്തിന് ആവശ്യമായ പച്ചക്കറികളും പൂക്കളും കഴിയുന്നത്ര നമ്മുടെ നാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കേരളത്തിന്റെ കാര്‍ഷിക മേഖല ഇന്ന് പരമ്പരാഗത അറിവും ആധുനിക സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന പുതിയ ഘട്ടത്തിലൂടെയാണ് മുന്നേറുന്നത്. നമ്മുടെ കര്‍ഷകരുടെ അധ്വാനത്തെ ആദരിക്കുകയും അവരുടെ ആത്മവിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണ്. ഈ വര്‍ഷത്തെ കര്‍ഷകദിനാഘോഷങ്ങള്‍ ആ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്ന ഒരു ജനകീയ മുന്നേറ്റമായി മാറണം.

മഴക്കെടുതിയും കൃഷിനാശവും

അടുത്തിടെ സംസ്ഥാനം നേരിട്ട അതിശക്തമായ മഴയും വെള്ളപ്പൊക്കവും കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ജില്ലകളില്‍ നിന്ന് ആഗസ്റ്റ് 6 വരെ ലഭിച്ച വിള അടിസ്ഥാനത്തിലുള്ള ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകളുടെ(എഫ് ഐ ആര്‍) അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം 36829 കര്‍ഷകരെയാണ് ബാധിക്കപ്പെട്ടത്. 3264 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് നാശമുണ്ടായതായും 99.29 കോടിയുടെ വിളനാശം പ്രാഥമികമായി കണക്കാക്കിയിട്ടുണ്ട്.

കര്‍ഷകര്‍ക്കുള്ള കൃഷിനാശ ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി നിലവിലുണ്ടായിരുന്ന പഴയ നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനായാണ് ഈ തീരുമാനം.

വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിച്ചുവരികയാണ്.

കൃഷിനാശം കേന്ദ്രസര്‍ക്കാരിനോട് 110 കോടിയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത്, കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുമായി ആകെ 110 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം കൃഷി വകുപ്പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കത്തു നല്‍കി. 100 കോടി രൂപയുടെ പ്രത്യേക അഡ്‌ഹോക്ക് സാമ്പത്തിക പാക്കേജും 10 കോടി രൂപയുടെ കാര്‍ഷിക പുനരുജ്ജീവന ധനസഹായവും ഉള്‍പ്പെടെയാണിത്. വെള്ളപ്പൊക്കത്താൽ നഷ്ടപ്പെട്ടുപോകുന്ന മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്നതിനായി ഡിജിറ്റൽ സാർവത്രിക മണ്ണ് പരിശോധന നടത്തുന്നതിനുള്ള നടപടികളും സർക്കാർ ആവിഷ്കരിക്കും.

വിളനാശത്തിനും കൃഷിഭൂമികളുടെ പുനരുദ്ധാരണത്തിനുമായി 100 കോടി രൂപയുടെ പ്രത്യേക അഡ്‌ഹോക്ക് കേന്ദ്രസഹായം സംസ്ഥാനത്തിന് അനുവദിച്ചാല്‍ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി നഷ്ടപരിഹാരവും പുനരധിവാസ സഹായവും ബാധിതരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനാണ് ഈ സഹായം വിനിയോഗിക്കും.

കാര്‍ഷിക പുനരുജ്ജീവനത്തിനുള്ള പ്രത്യേക ധനസഹായം 10 കോടിരൂപ കേന്ദ്രത്തില്‍ നിന്ന് ലഭ്യമായാല്‍, വെള്ളക്കെട്ട് മൂലമുണ്ടായ എക്കലും ചെളിയും നീക്കം ചെയ്ത് കൃഷിയിടങ്ങള്‍ പുനഃസജ്ജമാക്കുന്നതിനും, മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്നതിനാവശ്യമായ ജൈവവളങ്ങളും മണ്ണ് പരിപോഷകങ്ങളും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനും, ഗുണനിലവാരമുള്ള വിത്തുകളും തൈകളും അടിയന്തരമായി സംഭരിച്ച് വിതരണം ചെയ്യുന്നതിനുമാണ് പ്രസ്തുത തുക വിനിയോഗിക്കും.

ഇതുവഴി പ്രളയബാധിത പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനവും കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ പുനഃസ്ഥാപനവും വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

കൃഷിനാശം സംഭവിച്ച കുട്ടനാട് ഉള്‍പ്പെടെ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ആഗസ്റ്റ് 9-ന് സന്ദര്‍ശിച്ച് കൃഷിനാശം നേരിട്ട സ്ഥലങ്ങളിലെത്തി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും.തുടര്‍ന്ന് കളക്ട്രേറ്റില്‍ ജില്ലയിലെ കൃഷിനാശം സംബന്ധിച്ച് അവലോകന യോഗം ചേരും.

കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം കൃഷി വകുപ്പിന്റെ നേതൃത്വത്തിലും സഹകരണ വകുപ്പിന്റെ പങ്കാളിത്തത്തോടെയും ആഗസ്റ്റ് 11-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനക്‌സ് ലയം ഹാളില്‍ ചേരും. സഹകരണ വകുപ്പ് മന്ത്രി എം. ലിജുവും യോഗത്തില്‍ പങ്കെടുക്കും.

കേരള ബാങ്ക്, നബാര്‍ഡ്, ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ പ്രതിനിധികള്‍, സഹകരണ-ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സംസ്ഥാന കാര്‍ഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.

പ്രകൃതിക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും കൃഷിവകുപ്പ് നടത്തിവരുന്നു.

സംസ്ഥാനത്ത് തുടരുന്ന മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്നുണ്ടാകുന്ന കാര്‍ഷിക വിളനാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ഓണക്കാലത്ത് സംസ്ഥാനത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും വിപണിയിടപെടല്‍ ശക്തിപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനുമായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി കൃഷിവകുപ്പ് നല്‍കിയിട്ടുണ്ട്. 2000ത്തോളം ഓണച്ചന്തകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.