അർബുദത്തെ അതിജീവിച്ച 2500 പേർ ഒരുമിച്ചു സന്ദേശമായി അമൃതം 2026
തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച കാൻസർ അതിജീവിതരുടെ സംഗമം അമൃതം 2026 ശ്രദ്ധേയമായി. മലബാർ കാൻസർ സെന്ററും ജില്ലാ ഭരണകൂടവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
അമൃതം 2026: കാൻസർ അതിജീവിതരുടെ സംഗമത്തിന് തലശ്ശേരിയിൽ തോളോട് തോൾ ചേർന്ന് 2500-ഓളം പേർ
തലശ്ശേരി: അർബുദത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ അകറ്റാനും ശാസ്ത്രീയ ചികിത്സയിലൂടെ രോഗത്തെ പൂർണ്ണമായും ഭേദമാക്കാനാകുമെന്ന സന്ദേശം സമൂഹത്തിന് നൽകാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച കാൻസർ അതിജീവിതരുടെ സംഗമം 'അമൃതം 2026' ശ്രദ്ധേയമായി. തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മലബാർ കാൻസർ സെന്ററിൽ (MCC) നിന്ന് ചികിത്സ നേടി രോഗവിമുക്തി നേടിയവരും അവരുടെ കുടുംബാംഗങ്ങളും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ രണ്ടായിരത്തഞ്ചൂറോളം പേർ പങ്കെടുത്തു.
കാൻസർ രോഗികളിലെ അപകർഷതാബോധം കുറയ്ക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ മലബാർ കാൻസർ സെന്റർ, കണ്ണൂർ ജില്ലാ ഭരണകൂടം, തലശ്ശേരി നഗരസഭ, കണ്ണൂർ ജില്ലാ പഞ്ചായത്ത്, ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവ സംയുക്തമായാണ് ഈ കൂടിച്ചേരൽ ഒരുക്കിയത്.
ചടങ്ങിൽ കാരായി രാജൻ എം.എൽ.എ, ജില്ലാ കളക്ടറും പരിപാടിയുടെ രക്ഷാധികാരിയുമായ വിഷ്ണു രാജ്, തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപൻ, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ, എം.സി.സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം, ചലച്ചിത്ര താരം ലക്ഷ്മി കീർത്തന എന്നിവരും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
തുടർന്ന് അതിജീവിതരുടെയും കുട്ടികളുടെയും വിവിധ കലാ-സംഗീത പരിപാടികളും അരങ്ങേറി. സംഘാടക സമിതി ചെയർമാൻ ഡോ. ചന്ദ്രൻ കെ. നായർ, ഡോ. സംഗീത കെ. നായനാർ, ഡോ. എം. ഗീത, ഡോ. എം.പി. നാസിമുദ്ദീൻ, ഡോ. സിതാര അരവിന്ദ്, ഡോ. പ്രിൻസ് എം. ഫിലിപ്പ്, ഡോ. ടി. അനിത, പ്രസിഡന്റ് നാരായണൻ പുതുക്കുടി, പി.കെ. സുരേഷ്, മേജർ പി. ഗോവിന്ദൻ, കെ.എം. ചന്ദ്രൻ, നിസാർ പടിപ്പുരയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.