വയോജന കമ്മീഷൻ ഇനി ജയിലുകളിലേക്ക് തടവുകാരുടെ പരാതികൾ നേരിട്ട് കേൾക്കും
സംസ്ഥാന വയോജന കമ്മീഷൻ തടവുകാരായ വയോധികരുടെ പരാതികൾ കേൾക്കാൻ ജയിലുകൾ സന്ദർശിക്കുന്നു. വിപുലമായ പ്രവർത്തനങ്ങളുമായി കമ്മീഷൻ മുന്നോട്ട്.
വയോജന കമ്മീഷൻ ജയിലുകളിലേക്ക്; തടവുകാരുടെ പരാതികൾ നേരിട്ട് കേൾക്കും
തിരുവനന്തപുരം: വയോജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി വിപുലമായ പദ്ധതികളുമായി സംസ്ഥാന വയോജന കമ്മീഷൻ ജയിലുകളിലേക്ക്. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തുമെന്നും, ജൂലൈ മാസത്തിൽ സംസ്ഥാനത്തെ മുഴുവൻ ജയിലുകളും സന്ദർശിച്ച് വയോജനങ്ങളായ തടവുകാരുടെ പരാതികൾ നേരിട്ട് കേൾക്കുമെന്നും വയോജന കമ്മീഷൻ ചെയർപേഴ്‌സൺ കെ. സോമപ്രസാദ് അറിയിച്ചു. തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ 10 മാസത്തിനിടെ എല്ലാ ജില്ലകളിലും കമ്മീഷൻ നേരിട്ട് സന്ദർശനം നടത്തി വിവിധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നു. ജില്ലാതല യോഗങ്ങളിൽ പങ്കെടുത്ത 759 പേരിൽ നിന്ന് ഉയർന്നുവന്ന നൂറിലധികം നിർദ്ദേശങ്ങൾ കമ്മീഷൻ ക്രോഡീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കേണ്ട 75 പ്രധാന വിഷയങ്ങൾ കമ്മീഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
പ്രധാന ശുപാർശകൾ:
വയോജന സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം പുതിയ തലമുറയിൽ വളർത്താനായി സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഈ വിഷയം ഉൾപ്പെടുത്തുക.
ടൂറിസം വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളിൽ വയോജനങ്ങൾക്ക് നൽകുന്ന 50 ശതമാനം പ്രവേശന ഫീസിളവ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ (DTPC) കീഴിലുള്ള കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുക.
ഇതുവരെ ലഭിച്ച 115 വ്യക്തിഗത പരാതികളിൽ 27 എണ്ണം തീർപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ പരിശോധനയിലാണ്. 5 പൊതു ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങളും 4 വിവരാവകാശ അപേക്ഷകളും കമ്മീഷന് ലഭിച്ചു. ഇതിൽ എട്ട് വിഷയങ്ങളിൽ കമ്മീഷൻ സ്വമേധയാ (Suo Motu) കേസെടുത്തിട്ടുണ്ട്. കമ്മീഷൻ ഓഫീസിൽ വെച്ച് ഇതുവരെ ഏഴ് ഹിയറിങ്ങുകൾ പൂർത്തിയായി.
വാർത്താസമ്മേളനത്തിൽ വയോജന കമ്മീഷൻ അംഗങ്ങളായ അമരവിള രാമകൃഷ്ണൻ, കെ.എൻ.കെ. നമ്പൂതിരി, പ്രൊഫ. ലോപ്പസ് മാത്യു, ഇ.എം. രാധ എന്നിവരും പങ്കെടുത്തു.