സിജെപി ജന്തർ മന്തറിലെ സമരം പത്താം ദിവസത്തിലേക്ക് സോനം വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതു നേതാക്കൾ
ദേശീയ യോഗ്യതാ പരീക്ഷയിലെ (NEET) ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികളും സാമൂഹിക പ്രവർത്തകരും നടത്തുന്ന പ്രക്ഷോഭം പത്താം ദിവസത്തിലേക്ക്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനത പാർട്ടി (സിജെപി) നടത്തുന്ന സമരത്തിലേക്ക് രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും നേതാക്കൾ ക്ഷണിച്ചു.
ജന്തർ മന്തറിലെ സമരം പത്താം ദിവസത്തിലേക്ക്: സോനം വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതു നേതാക്കൾ
ന്യൂഡൽഹി: ദേശീയ യോഗ്യതാ പരീക്ഷയിലെ (NEET) ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികളും സാമൂഹിക പ്രവർത്തകരും നടത്തുന്ന പ്രക്ഷോഭം പത്താം ദിവസത്തിലേക്ക്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനത പാർട്ടി (സിജെപി) നടത്തുന്ന സമരത്തിലേക്ക് രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും നേതാക്കൾ ക്ഷണിച്ചു. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന ബിജെപി അംഗങ്ങൾക്കും പ്രക്ഷോഭത്തിലേക്ക് സ്വാഗതമുണ്ടെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി.
വിദ്യാഭ്യാസ പരിഷ്കർത്താവും പ്രമുഖ ആക്ടിവിസ്റ്റുമായ സോനം വാങ്ചുക് സിജെപി വേദിയിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം രണ്ട് ദിവസം പിന്നിട്ടു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി വെച്ചുള്ള കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ (എം.എൽ) വിദ്യാർത്ഥി സംഘടനയായ ഐസയുടെ (AISA) ആറ് പ്രമുഖ നേതാക്കളും സോനം വാങ്ചുകിനൊപ്പം നിരാഹാരമനുഷ്ഠിക്കുന്നുണ്ട്.
പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ദേശീയ നേതാക്കൾ സമരപ്പന്തലിലെത്തി. സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവർ ഇന്നലെ സമരസ്ഥലം സന്ദർശിച്ച് പിന്തുണ അറിയിച്ചു. സമരത്തിന്റെ ആദ്യ ദിനങ്ങളിൽ സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സി.പി.ഐ നേതാവ് ആനി രാജ എന്നിവരും ജന്തർ മന്തറിലെത്തി വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം

