കൊച്ചിയിലെ കുടിവെള്ളക്ഷാമത്തിന് അറുതി ആലുവയിൽ 523 കോടിയുടെ പുതിയ ജലശുദ്ധീകരണശാല വരുന്നു

കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ആലുവയിൽ 190 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാല സ്ഥാപിക്കുന്നു. ടി.ജെ. വിനോദ് എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ നൽകിയ മറുപടി.

കൊച്ചിയിലെ കുടിവെള്ളക്ഷാമത്തിന് അറുതി ആലുവയിൽ 523 കോടിയുടെ പുതിയ ജലശുദ്ധീകരണശാല വരുന്നു
ടി.ജെ. വിനോദ് എം.എൽ.എയുടെ ഇടപെടൽ വിജയം; കൊച്ചിയുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരവുമായി സർക്കാർ

 കൊച്ചിയുടെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം: ആലുവയിൽ 190 എം.എൽ.ഡി ജലശുദ്ധീകരണശാല സ്ഥാപിക്കും; നടപടികൾ വേഗത്തിലാക്കി സർക്കാർ

കൊച്ചി​: കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആലുവയിൽ 190 എം.എൽ.ഡി (MLD) ശേഷിയുള്ള പുതിയ ജലശുദ്ധീകരണശാല സ്ഥാപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ അറിയിച്ചു. എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ടി.ജെ. വിനോദ് എം.എൽ.എയുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്ന് പദ്ധതിയുടെ പ്രാരംഭ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

​കൊച്ചി കോർപ്പറേഷനും സമീപത്തെ അഞ്ച് മുനിസിപ്പാലിറ്റികളും 13 പഞ്ചായത്തുകളും ഉൾപ്പെടുന്ന വിശാല കൊച്ചി മേഖല നേരിടുന്ന കുടിവെള്ള പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടി.ജെ. വിനോദ് എം.എൽ.എ വിഷയം നിയമസഭയിൽ അവതരിപ്പിച്ചത്. പ്രദേശത്തെ ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കും ജലജീവൻ മിഷൻ പദ്ധതികൾക്കും ആവശ്യമായ ജലലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

​നിലവിൽ ആലുവ ജലശുദ്ധീകരണശാലയിൽ നിന്ന് ലഭിക്കുന്ന 225 എം.എൽ.ഡി ജലത്തിൽ 121.5 എം.എൽ.ഡിയും മരട് ജലശുദ്ധീകരണശാലയിലെ 100 എം.എൽ.ഡിയിൽ നിന്ന് 53.5 എം.എൽ.ഡിയും കൊച്ചി നഗരത്തിലേക്ക് വിതരണം ചെയ്യുന്നുണ്ട്. എന്നാൽ വിതരണ നഷ്ടം 40 മുതൽ 50 ശതമാനം വരെ ഉയർന്നതോടെ നഗരത്തിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുകയാണെന്ന് എം.എ.ൽ.എ ചൂണ്ടിക്കാട്ടി. കൊച്ചി നഗരത്തിൽ പ്രതിദിനം ഏകദേശം 50 എം.എ.ൽ.ഡി ജലത്തിന്റെ കുറവുണ്ടെന്നും തമ്മനത്തെ ജലസംഭരണി തകരാറിലായതും പ്രതിസന്ധി രൂക്ഷമാക്കിയതായി അദ്ദേഹം സഭയെ അറിയിച്ചു.

​523 കോടിയുടെ സമഗ്ര പദ്ധതി

കൊച്ചിയുടെ ഭാവിയിലെ ജലാവശ്യങ്ങൾ കണക്കിലെടുത്താണ് ആലുവയിൽ പുതിയ 190 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാല പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. പെരിയാർ നദിയോട് ചേർന്ന് പുതിയ പമ്പ് ഹൗസ്, പമ്പ് സെറ്റ്, ഉന്നതതല ജലസംഭരണി, ജലശുദ്ധീകരണശാല എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

​523 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ (ADB) സഹായത്തോടെയുള്ള 'കേരള അർബൻ വാട്ടർ സർവീസസ് ഇംപ്രൂവ്മെന്റ് പ്രോജക്ടിൽ' ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ വിശദമായ റിപ്പോർട്ടിന് (DPR) അംഗീകാരം നൽകിയിട്ടുണ്ടെന്നും അന്തിമ ഭരണാനുമതിക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

​തമ്മനത്തെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

തമ്മനത്തെ 135 എം.എൽ.ഡി സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിലെ ഒരു ഭാഗം കാലപ്പഴക്കം മൂലം തകരാറിലായതിനെ തുടർന്ന് കലൂർ, കടവന്ത്ര, ഇളംകുളം, അയ്യപ്പൻകാവ്, പച്ചാളം, വടുത്തുല, ചിറ്റൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ താൽക്കാലിക വിതരണ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് 25 എം.എൽ.ഡി ശേഷിയുള്ള സമ്പും 25 എം.എൽ.ഡി ശേഷിയുള്ള ഉന്നത ജലസംഭരണിയും നിർമ്മിക്കുന്നതിന് 30 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

​പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി കോർപ്പറേഷനിലും സമീപ തദ്ദേശ സ്ഥാപനങ്ങളിലും തടസ്സമില്ലാത്ത കുടിവെള്ള വിതരണം ഉറപ്പാക്കാൻ കഴിയുമെന്നും കൊച്ചിയുടെ ദീർഘകാല കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ടി.ജെ. വിനോദ് എം.എൽ.എ ഉന്നയിച്ച ആവശ്യത്തിന് സർക്കാർ മുൻഗണന നൽകുമെന്നും മന്ത്രി നിയമസഭയിൽ ഉറപ്പുനൽകി.