മാവേലിക്കര കോട്ടാർകാവിൽ ശുഭാനന്ദ ഗുരുദേവ 144 ാമത് ജന്മനക്ഷത്ര മഹാമഹം: നാളെ സമാപന സമ്മേളനവും ജന്മനക്ഷത്ര ഘോഷയാത്രയും
ആത്മബോധോദയ സംഘം സ്ഥാപകൻ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ്റെ 144 ാമത് ജന്മനക്ഷത്ര മഹാമഹം (പൂരം തിരുനാൾ) മാവേലിക്കര കോട്ടാർകാവ് ശ്രീശുഭാനന്ദാദർശാശ്രമത്തിൽ ഭക്തിനിർഭരമായി നടക്കുന്നു. ഏപ്രിൽ 27 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്അനുഗ്രഹ പ്രഭാഷണം നടത്തും. .
മാവേലിക്കര: അറിവില്ലായ്മയിലും അനാചാരങ്ങളിലും ആണ്ടുപോയ സമൂഹത്തെ അറിവിൻ്റെ വെളിച്ചത്തിലേക്ക് നയിച്ച വിപ്ലവകാരിയായ നവോത്ഥാന നായകൻ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ്റെ 144-ാമത് ജന്മനക്ഷത്ര മഹാമഹം (പൂരം തിരുനാൾ) മാവേലിക്കര കോട്ടാർകാവിലുള്ള ശ്രീശുഭാനന്ദാദർശാശ്രമത്തിൽ (രജി.നം. 144/1107) അതിവിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ഏപ്രിൽ 18-ന് ആരംഭിച്ച പത്തുദിവസത്തെ മഹാമഹം നാളെ (ഏപ്രിൽ 27, മേടം 14) സമാപിക്കും.
നാളെ നടക്കുന്ന ജന്മനക്ഷത്ര സാംസ്‌കാരിക സമ്മേളനത്തിൽ വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും.
ഭക്തിനിർഭരമായ ചടങ്ങുകൾ
ആഘോഷങ്ങളുടെ പത്താം ദിനമായ നാളെ രാവിലെ 9 മണിക്ക് കോട്ടാർകാവ് ദേവീക്ഷേത്ര പരിസരത്ത് നിന്നും ജന്മനക്ഷത്ര ഘോഷയാത്ര ആരംഭിക്കും. തൃക്കൊടിയേറ്റ്, സമൂഹ ആരാധന, സമൂഹസദ്യ, കലാപരിപാടികൾ, ശാന്തി ദാനാർപ്പണം, തൃക്കൊടിയിറക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ. മാനവികതയുടെ പ്രവാചകനായ ഗുരുദേവൻ്റെ "ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്ന ദർശനം മുൻനിർത്തിയാണ് പത്തുദിവസത്തെ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രമുഖരുടെ സാന്നിധ്യം
ശ്രീശുഭാനന്ദാദർശാശ്രമം മഠാധിപതി ബ്രഹ്മശ്രീ ജ്ഞാനാനന്ദജി തൃപ്പാദങ്ങളുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ സിൽവാനോസ്, ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ ജ്ഞാനതീർത്ഥ സ്വാമി, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ തുടങ്ങിയവർ പങ്കെടുക്കും. സ്വാമി സൂക്ഷ്മാനന്ദജി (സംഘം കർമ്മകർത്താവ്), സ്വാമി ബ്രഹ്മാനന്ദ, സ്വാമി രാമാനന്ദ, സ്വാമി കൃഷ്ണദാസ് തുടങ്ങിയ സന്യാസിവര്യന്മാരും സാമൂഹിക പ്രവർത്തകരും ചടങ്ങുകൾക്ക് നേതൃത്വം നൽകും.
അധർമ്മം പെരുകുന്ന ലോകത്ത് ശാന്തിക്കായും ഐശ്വര്യത്തിനായും നടത്തപ്പെടുന്ന ഈ മഹായാഗത്തിൽ എല്ലാ ഗുരുമിത്രങ്ങളും ഭക്തജനങ്ങളും പങ്കുചേരണമെന്ന് ആത്മബോധോദയ സംഘം ജനറൽ സെക്രട്ടറി സുധാകരൻ കെ. അറിയിച്ചു