എല്ലാ ബസിലും സൗജന്യമെന്ന് പറഞ്ഞ് ആളെ പറ്റിപ്പിച്ചു സർക്കാരിനെതിരെ തുറന്നടിച്ച് എം.വി. ഗോവിന്ദൻ
കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായി യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പദ്ധതിക്കെതിരെ സി.പി.എം രംഗത്തെത്തിയതോടെ രാഷ്ട്രീയ വാദപ്രതിവാദങ്ങളും ശക്തമായി.
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര; 'പ്രിയദർശിനി പദ്ധതി' തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി' തിങ്കളാഴ്ച മുതൽ യാഥാർത്ഥ്യമാകുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ വെച്ച് മുഖ്യമന്ത്രി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവ്വഹിക്കും. തുടർന്ന് രാവിലെ 9 മണിക്ക് വിവിധ മണ്ഡലങ്ങളിൽ പ്രാദേശിക എം.എൽ.എമാരുടെ നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും. ഈ ഔദ്യോഗിക ഉദ്ഘാടനങ്ങൾക്ക് ശേഷമായിരിക്കും ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുക.
എന്നാൽ, പദ്ധതിയുടെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങളാണ് ഉയർന്നിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കുന്ന സൗജന്യയാത്ര വെറും 'ആളെയൊപ്പിക്കൽ' മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. എല്ലാ ബസുകളിലും സൗജന്യ യാത്രയുണ്ടാകുമെന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും, നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾ പ്രതിപക്ഷ എം.എൽ.എമാർ ബഹിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിന്റെ ഈ വിമർശനങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ രംഗത്തെത്തി. "വിനാശകാലേ വിപരീതബുദ്ധി" എന്നായിരുന്നു മന്ത്രിയുടെ മറുപടി. വരും നാളുകളിൽ സി.പി.എം തങ്ങളുടെ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ എം.എ.ൽ.എമാർ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഒന്നാം ഘട്ടത്തിൽ ഏഴ് വിഭാഗം ബസുകൾ; ദൂരപരിധിയില്ല
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ടൗൺ ടു ടൗൺ, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലുള്ള ബസുകളിൽ യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും. പദ്ധതി ലഭ്യമാകുന്ന ബസുകളിൽ 'പ്രിയദർശിനി പദ്ധതി'യുടെ പ്രത്യേക സ്റ്റിക്കറുകൾ പതിക്കുന്നതായിരിക്കും.
സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളിൽപ്പെട്ടവർക്കുമാണ് ഈ സൗജന്യ യാത്രയ്ക്ക് അർഹതയുള്ളത്. ഇതിനായി പ്രത്യേകം തിരിച്ചറിയൽ കാർഡുകളോ സ്കൂൾ-കോളേജ് വിദ്യാർത്ഥിനികൾക്ക് കൺസഷൻ കാർഡുകളോ കാണിക്കേണ്ടതില്ല. കേരളത്തിന് പുറത്തുനിന്നുള്ള (ഇതര സംസ്ഥാനങ്ങളിലെ) സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഈ ആനുകൂല്യം ലഭിക്കും. യാത്രയ്ക്ക് യാതൊരുവിധ ദൂരപരിധിയും നിശ്ചയിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.