മൂവാറ്റുപുഴയിൽ പുഴയിൽ വീണ കുടുംബത്തെ രക്ഷിച്ച ഷാജിക്കും മോഷണസംഘത്തെ പിടികൂടിയ ഓട്ടോ ഡ്രൈവർമാർക്കും ആദരം

മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്തിയ ഷാജി, മോഷണസംഘത്തെ സാഹസികമായി പിടികൂടിയ ഓട്ടോ ഡ്രൈവർമാരായ താജുദ്ദീൻ, ഷാജഹാൻ എന്നിവരെയും മികച്ച സേവനം കാഴ്ചവെച്ച 40 പോലീസ് ഉദ്യോഗസ്ഥരെയും എറണാകുളം റൂറൽ ജില്ലാ പോലീസ് ആദരിച്ചു.

മൂവാറ്റുപുഴയിൽ പുഴയിൽ വീണ കുടുംബത്തെ രക്ഷിച്ച ഷാജിക്കും മോഷണസംഘത്തെ പിടികൂടിയ ഓട്ടോ ഡ്രൈവർമാർക്കും ആദരം
മൂവാറ്റുപുഴയിൽ പുഴയിൽ വീണ കുടുംബത്തെ രക്ഷിച്ച ഷാജിക്കും മോഷണസംഘത്തെ പിടികൂടിയ ഓട്ടോ ഡ്രൈവർമാർക്കും ആദരം; 40 പോലീസുകാർക്കും അഭിനന്ദനം

സാഹസികമായി ജീവൻ രക്ഷിച്ച പൊതുജനങ്ങൾക്കും മികച്ച സേവനം കാഴ്ചവെച്ച പോലീസുകാർക്കും റൂറൽ പോലീസിന്റെ ആദരം

​ആലുവ: സ്വന്തം ജീവൻ പണയപ്പെടുത്തി പുഴയിൽ താഴ്ന്നുപോയ മൂന്നുപേരെ രക്ഷപ്പെടുത്തിയ പ്രദേശവാസിക്കും, മോഷണ സംഘത്തെ സാഹസികമായി പോലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ റിക്ഷാ ഡ്രൈവർമാർക്കും റൂറൽ ജില്ലാ പോലീസിന്റെ ആദരം. കേരള പോലീസ് നടപ്പിലാക്കുന്ന "അഭിനന്ദന ദിന"ത്തിന്റെ ഭാഗമായി റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ഇവരെയും മികച്ച സേവനത്തിന് അർഹരായ 40 പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചത്.

​മൂവാറ്റുപുഴയാറിന്റെ പുളിക്കക്കടവിൽ നാലര വയസ്സുകാരി പുഴയിൽ വീഴുകയും, കുട്ടിയെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ മാതാപിതാക്കൾ ഒഴുക്കിൽപ്പെടുകയും ചെയ്തപ്പോഴാണ് വെള്ളൂർക്കുന്നം പേൻതിട്ടയിൽ ഷാജി സാഹസികമായി പുഴയിലേക്ക് ചാടി മൂന്നുപേരുടെയും ജീവൻ രക്ഷപ്പെടുത്തിയത്.

​മറ്റൊരു സംഭവത്തിൽ, ആലുവയിൽ യാത്രക്കാരിയായ 70-കാരിയുടെ മാല കവർന്ന ശേഷം രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ടു സ്ത്രീകളെയാണ് ഓട്ടോ ഡ്രൈവർമാരായ എരുമത്തല ഉള്ളാടത്ത് താജുദ്ദീൻ, കീഴ്മാട് പൊരുവേലി ഷാജഹാൻ എന്നിവർ ചേർന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. ഓട്ടോയിൽ കയറിയ സ്ത്രീകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ താജുദ്ദീൻ, വഴിമധ്യേ കരഞ്ഞുകൊണ്ട് വന്ന വയോധികയോട് കാര്യങ്ങൾ തിരക്കുകയും മോഷണവിവരം മനസ്സിലാക്കുകയുമായിരുന്നു. തുടർന്ന് മറ്റൊരു ഓട്ടോ ഡ്രൈവറായ ഷാജഹാന്റെയും സഹായത്തോടെ പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.

​മികച്ച അന്വേഷണത്തിനും സേവനത്തിനും ഡിവൈഎസ്പിമാരായ ബൈജു പൗലോസ്, സി. ബിനുകുമാർ, സി.ഐമാരായ പി.എം. ഷമീർ, ബി.കെ. അരുൺ എന്നിവരുൾപ്പെടെ 40 പോലീസുദ്യോഗസ്ഥർക്ക് ചടങ്ങിൽ പ്രശംസാപത്രം നൽകി.

​ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ. അബ്ദുൾ സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഡിവൈ.എസ്.പിമാരായ ബൈജു പൗലോസ്, എൻ. ബാബുക്കുട്ടൻ, വൈ. നിസാമുദ്ദീൻ, സി. ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.