എം.വി ഗോവിന്ദൻ വർഗവഞ്ചകൻ, നാണമുണ്ടെങ്കിൽ രാജിവെക്കണം ജി. സുധാകരൻ
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. ഗോവിന്ദൻ തൊഴിലാളി വർഗത്തെ വഞ്ചിച്ചുവെന്നും പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.
എം.വി. ഗോവിന്ദൻ വർഗവഞ്ചകൻ, നാണമുണ്ടെങ്കിൽ രാജിവെക്കണം; പാർട്ടി സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ
ആലപ്പുഴ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ രംഗത്ത്. എം.വി. ഗോവിന്ദൻ തൊഴിലാളി വർഗത്തെ വഞ്ചിച്ച 'വർഗവഞ്ചകൻ' ആണെന്നും പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. പാർട്ടി ഭരണഘടനയ്ക്ക് എതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് ഒരല്പം നാണമുണ്ടെങ്കിൽ സെക്രട്ടറി സ്ഥാനം രാജിവെച്ചൊഴിയാൻ തയ്യാറാകണമെന്നും, അദ്ദേഹത്തിന് മലയാളം പോലും തെറ്റില്ലാതെ പറയാൻ അറിയില്ലെന്നും സുധാകരൻ പരിഹസിച്ചു.
പാർട്ടി അംഗത്വം പുതുക്കാത്തവർ എങ്ങനെയാണ് വർഗവഞ്ചകരാകുക എന്ന് ചോദിച്ച സുധാകരൻ, താൻ പാർട്ടിയിൽ നിന്നും സ്വയം മാറിനിന്നതാണെന്നും ആലപ്പുഴയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. വിമത നേതാക്കൾ വർഗവഞ്ചകരാണെന്ന എം.വി. ഗോവിന്ദന്റെ പരാമർശത്തോടായിരുന്നു ജി. സുധാകരന്റെ ഈ കടുത്ത പ്രതികരണം.
അതേസമയം, വിഴിഞ്ഞം തുറമുഖം, പിഎൻജി തുടങ്ങിയ വിഷയങ്ങളിൽ ഒത്തുപോകാൻ തയ്യാറാകുകയും തെറ്റുതിരുത്തുകയും ചെയ്താൽ വിമതർക്ക് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ആദ്യം നിലപാടെടുത്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഈ പ്രസ്താവന തള്ളിക്കളഞ്ഞു. വിമതർ വർഗവഞ്ചകർ തന്നെയാണെന്ന് ഗോവിന്ദൻ വ്യക്തമാക്കിയതോടെ എം.വി. ജയരാജൻ തന്റെ മുൻ നിലപാട് വിഴുങ്ങി വിശദീകരണവുമായി രംഗത്തെത്തി. നിലപാട് തിരുത്താത്തവർ വർഗവഞ്ചകർ തന്നെയാണെന്ന പാർട്ടി സെക്രട്ടറിയുടെ ഔദ്യോഗിക നിലപാട് താനും ശരിവെക്കുന്നു എന്നായിരുന്നു ജയരാജന്റെ പുതിയ വിശദീകരണം.
പാർട്ടി നിലപാടുകൾക്കെതിരെ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന ചോദ്യവുമായി വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയപ്പോൾ, തെറ്റായ രീതിയിൽ പാർട്ടിയെ നയിക്കുന്നവരാണ് യഥാർത്ഥ വർഗവഞ്ചകരെന്നായിരുന്നു ടി.കെ. ഗോവിന്ദന്റെ കുറ്റപ്പെടുത്തൽ. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഈ വാക്പോരുകൾ നൽകുന്നത്.