മുക്കം എംഡിഎംഎ കേസ് ഒരു യുവതി കൂടി അറസ്റ്റിൽ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട ഹനീഫയ്ക്ക് ഒളിവിൽ കഴിയാൻ പണമെത്തിച്ചത് ഖദീജ

കോഴിക്കോട് മുക്കത്ത് 2.3 കിലോ എംഡിഎംഎ പിടികൂടിയ കേസിൽ നീലേശ്വരം സ്വദേശിനിയായ ഫാഷൻ ഡിസൈനർ ഖദീജയെ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

മുക്കം എംഡിഎംഎ കേസ് ഒരു യുവതി കൂടി അറസ്റ്റിൽ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട ഹനീഫയ്ക്ക് ഒളിവിൽ കഴിയാൻ പണമെത്തിച്ചത് ഖദീജ
ഒളിവിൽ കഴിഞ്ഞ പ്രതിക്ക് സാമ്പത്തിക സഹായം നൽകിയ ഫാഷൻ ഡിസൈനർ ഖദീജ

മുക്കം എംഡിഎംഎ കേസ്: ഒരു യുവതി കൂടി അറസ്റ്റിൽ; പ്രതിക്ക് ഒളിവിൽ കഴിയാൻ പണമെത്തിച്ചത് ഫാഷൻ ഡിസൈനർ

​മുക്കം: കോഴിക്കോട് മുക്കത്ത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നായ 2.3 കിലോ ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിയും ഫാഷൻ ഡിസൈനറുമായ ഖദീജയെയാണ് (40) താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നീലേശ്വരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. കേസിൽ നേരത്തെ ബേപ്പൂർ സ്വദേശി റൈഹാനത്ത് (45) അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

​കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ (36) 517 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം ആദ്യം പിടികൂടിയിരുന്നു. തുടർന്ന് ഇയാൾ താമസിച്ചിരുന്ന മുത്താലത്തെ വാടകവീട്ടിൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഒന്നേമുക്കാൽ കിലോയോളം എംഡിഎംഎ കൂടി കണ്ടെടുത്തത്. കേസിൽ ആകെ 2.306 കിലോ എംഡിഎംഎ ആണ് പൊലീസ് പിടിച്ചെടുത്തത്.

​ലഹരി ഇടപാടുകളുടെ സാമ്പത്തിക കേന്ദ്രം

പ്രധാന പ്രതിയായ മുഹമ്മദ് ഹനീഫയുടെ അടുത്ത സുഹൃത്തായ ഖദീജയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ലഹരിമരുന്ന് ഇടപാടുകളുടെ സാമ്പത്തിക കൈമാറ്റങ്ങൾ നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇതാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്.

​ട്രെയിനിൽ നിന്ന് ചാടിപ്പോയ പ്രതിക്ക് സഹായം

​മേയ് 23ന് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വച്ച് ഹനീഫ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പത്തു ദിവസത്തോളം ഇയാൾ ഒളിവിൽ കഴിഞ്ഞു. ഈ കാലയളവിൽ ഹനീഫയ്ക്ക് ഒളിവിൽ കഴിയാൻ ഖദീജ സാമ്പത്തിക സഹായം നൽകിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പലതവണയായി ഏകദേശം ഒന്നര ലക്ഷത്തിലധികം രൂപയാണ് ഖദീജ പ്രതിക്ക് കൈമാറിയത്. പിന്നീട് കർണാടകയിലെ കലബുറഗിയിൽ നിന്നാണ് ഹനീഫയെ പൊലീസ് വീണ്ടും പിടികൂടിയത്.

​കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫിന്റെ മേൽനോട്ടത്തിൽ മുക്കം ഇൻസ്പെക്ടർ നിബിൻ ജോയ്, എസ്ഐമാരായ അബ്ദുൽ റഷീദ്, മുംതാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനോയ് വിശ്വം, സിവിൽ പൊലീസ് ഓഫിസർ ജിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഖദീജയെ റിമാൻഡ് ചെയ്തു. അറസ്റ്റിലായ മൂന്ന് പ്രതികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വിപുലമാക്കാനാണ് പൊലീസിന്റെ തീരുമാനം.