കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു പെരുമ്പാവൂരിൽ അസം സ്വദേശി പിടിയിൽ ഓപ്പറേഷൻ പി ഹണ്ടിൽ വ്യാപക റെയ്ഡ്
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയുള്ള ഓപ്പറേഷൻ പി ഹണ്ട് റെയ്ഡിൽ എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന. പെരുമ്പാവൂരിൽ അസം സ്വദേശി അറസ്റ്റിലായി. ഫോണുകൾ ഉൾപ്പെടെ 11 ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു.
പെരുമ്പാവൂർ: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെയുള്ള സംസ്ഥാനവ്യാപക പരിശോധനയായ 'ഓപ്പറേഷൻ പി-ഹണ്ടി'ൻ്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ വ്യാപക റെയ്ഡ്. പരിശോധനയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ 11 ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ ദിലുകുമാറിനെ (24) പെരുമ്പാവൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലായി 19 കേന്ദ്രങ്ങളിലാണ് പ്രത്യേക പോലീസ് സംഘത്തിൻ്റെ നേതൃത്വത്തിൽ ഒരേസമയം പരിശോധന നടന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും കൈമാറുകയും ചെയ്യുന്നവരെ കണ്ടെത്താൻ സൈബർ സെല്ലിൻ്റെ സഹായത്തോടെയായിരുന്നു റെയ്ഡ്. പരിശോധനകളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ നിലവിൽ 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിവിധ പോൺ സൈറ്റുകളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിക്കുന്നവർ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്നും റൂറൽ പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഉപകരണങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി സൈബർ ലാബിലേക്ക് അയക്കും.

