പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ്: വിവരമൊന്നും ലഭിച്ചില്ല, തിരുവനന്തപുരത്ത് നടന്നത് ആസൂത്രിത അക്രമം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് അംഗീകരിക്കില്ല, കടുത്ത നടപടിയുണ്ടാകും രമേശ് ചെന്നിത്തല

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനെക്കുറിച്ച് സംസ്ഥാന സർക്കാരിനോ പൊലീസിനോ മുൻകൂട്ടി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ്: വിവരമൊന്നും ലഭിച്ചില്ല, തിരുവനന്തപുരത്ത് നടന്നത് ആസൂത്രിത അക്രമം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് അംഗീകരിക്കില്ല, കടുത്ത നടപടിയുണ്ടാകും രമേശ് ചെന്നിത്തല
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനെക്കുറിച്ച് സംസ്ഥാന സർക്കാരിനോ പൊലീസിനോ മുൻകൂട്ടി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിലും വിവിധ കേന്ദ്രങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനകളെക്കുറിച്ച് സംസ്ഥാന സർക്കാരിനോ പൊലീസിനോ മുൻകൂട്ടി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് ആരംഭിച്ച ശേഷവും ഇ.ഡി അധികൃതർ വിവരമൊന്നും നൽകിയിരുന്നില്ലെന്നും, റെയ്ഡ് നടക്കുന്ന സ്ഥലങ്ങളിൽ ആളുകൾ പ്രതിഷേധിക്കുന്നത് അറിഞ്ഞ് പൊലീസ് സ്വമേധയാ എത്തിയാണ് സുരക്ഷയൊരുക്കിയതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

​പിണറായിയിലും കോഴിക്കോട്ടും യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളും ഇല്ലാതെ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി മടങ്ങി. എന്നാൽ തിരുവനന്തപുരത്ത് ബോധപൂർവ്വം അക്രമം അഴിച്ചുവിടാനാണ് സി.പി.എം ശ്രമിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി അടക്കമുള്ള പ്രമുഖ നേതാക്കൾ തലസ്ഥാനത്തെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും അക്രമങ്ങൾ ഉണ്ടാകില്ലെന്നും നേതാക്കൾ പൊലീസിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായാണ് തിരുവനന്തപുരത്ത് വൻ അക്രമം അരങ്ങേറിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

​"അക്രമികളെ പാർട്ടി ഓഫീസിനുള്ളിൽ ഒളിപ്പിച്ച് സംരക്ഷിക്കാനാണ് സി.പി.എം നേതാക്കൾ ശ്രമിച്ചത്. എന്നാൽ പൊലീസിന്റെ കർശന നിലപാടും നിശ്ചയദാർഢ്യവും കാരണം മണിക്കൂറുകൾക്കകം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ആസൂത്രിത ശ്രമത്തെ സംയമനത്തോടെയും കർശന നടപടികളിലൂടെയുമാണ് പൊലീസ് നിയന്ത്രിച്ചത്," രമേശ് ചെന്നിത്തല പറഞ്ഞു.

​അന്വേഷണത്തിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും അവരുടെ മൂന്ന് വാഹനങ്ങൾ തല്ലിത്തകർത്തതും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് നടന്നത് കൃത്യമായ ഗൂഢാലോചനയാണ്. അക്രമത്തിൽ പങ്കെടുത്ത കൂടുതൽ പേരുടെ ചിത്രങ്ങൾ പൊലീസിന്റെ പക്കലുണ്ട്. ആളുകളെ കൃത്യമായി തിരിച്ചറിഞ്ഞ് ശക്തമായ നടപടി സ്വീകരിക്കും. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും പൊതുജനജീവിതം സ്തംഭിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ അപലപനീയമാണെന്നും മന്ത്രി വ്യക്തമാക്കി.

​കഴിഞ്ഞ പത്ത് വർഷം കേരളം ഭരിച്ചവരാണ് ഇപ്പോൾ നിയമവാഴ്ച തകർക്കാൻ നോക്കുന്നത്. യൂണിവേഴ്സിറ്റി യൂണിയൻ വിഷയത്തിലും ഇപ്പോൾ ഇ.ഡി റെയ്ഡ് വിഷയത്തിലും തിരുവനന്തപുരത്ത് സംഘർഷമുണ്ടാക്കി കേരളത്തിൽ കലാപം പടർത്താനാണ് ശ്രമമെങ്കിൽ അത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി.