സിസിടിവി ദൃശ്യം പുറത്തുവന്നതോടെ ഭയന്നു മാപ്പപേക്ഷയോടെ സ്വർണം തിരിച്ചേൽപ്പിച്ച കള്ളനെ പൊക്കി ഗുരുവായൂർ പോലീസ്
തൃശൂർ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിൽ പ്രതിയെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭയന്ന പ്രതി 8 പവൻ സ്വർണവും മാപ്പപേക്ഷയും വീട്ടുപടിക്കൽ ഉപേക്ഷിച്ചിരുന്നു.
ഗുരുവായൂർ: അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിന് സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽനിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കല്ലഴിക്കുന്ന് പുത്തൻപുരക്കൽ ഉണ്ണിക്കൃഷ്ണൻ (36) ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 8-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ. ബുഷറയും ഭർത്താവ് ഡോ. അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയിരുന്ന മുറിയോട് ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് പ്രതി സ്വർണം കവർന്നത്. ബാൽക്കണി വാതിൽ തള്ളിത്തുറന്നാണ് താൻ അകത്തുകടന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. മോഷണം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് വീട്ടുകാർ വിവരം അറിയുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ മുഖം വ്യക്തമായി കാണുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും ഇത് മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തു. ഇതോടെ ഭയന്നുപോയ പ്രതി, കഴിഞ്ഞ 11-ാം തീയതി രാവിലെ മോഷണം പോയതിൽ 8 പവൻ സ്വർണവും തനിക്ക് തെറ്റുപറ്റിയെന്ന് വ്യക്തമാക്കുന്ന മാപ്പപേക്ഷയും അടങ്ങിയ കത്തും വീടിന്റെ മുൻപിൽ കൊണ്ടിടുകയായിരുന്നു.
എന്നാൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയെ വലയിലാക്കുകയുമായിരുന്നു. മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടാതെ, പ്രതി മുൻപ് നാല് വർഷത്തോളം ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക ജീവനക്കാരനായി ജോലി നോക്കിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
