സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ആറ് മരണം സ്ഥിരീകരിച്ചു 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പ്. സംസ്ഥാനത്ത് ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചു, 65 ദുരിതാശ്വാസ ക്യാമ്പുകളിലായി 1465 പേരെ മാറ്റിപ്പാർപ്പിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാർ സജ്ജമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ആറ് മരണം സ്ഥിരീകരിച്ചു; 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നു. റവന്യൂ മന്ത്രിയുമായും വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ദുരിതബാധിത മേഖലകളിലെ എം.എൽ.എമാരുമായും ജനപ്രതിനിധികളുമായും അദ്ദേഹം ഫോണിൽ സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി.
ആറ് മരണം സ്ഥിരീകരിച്ചു; 1465 പേർ ക്യാമ്പുകളിൽ
ഔദ്യോഗിക കണക്കുകൾ പ്രകാരം വൈകിട്ട് ആറ് മണി വരെ സംസ്ഥാനത്ത് ആറ് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേരെ കാണാതായിട്ടുമുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ വിവിധ സേനാ വിഭാഗങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ ഊർജ്ജിതമായി തുടരുന്നു.
സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിലവിൽ 1465 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങൾ ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 17 വീടുകൾ പൂർണ്ണമായും 127 വീടുകൾ ഭാഗികമായും തകർന്നു.
മലയോര മേഖലകളിൽ ജാഗ്രത തുടരണം
രാവിലെ കനത്ത മഴ പെയ്ത മേഖലകളിൽ വൈകുന്നേരത്തോടെ മഴ കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി മറ്റ് ജില്ലകളിൽ നിന്നും ആവശ്യാനുസരണം വള്ളങ്ങൾ എത്തിച്ചു. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിച്ചു വരുന്നുണ്ട്. എങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരണം.
കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മേഖലയിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയിൽ 177 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമാണെന്നും സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ധനസഹായവും മികച്ച ചികിത്സയും ഉറപ്പ്
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും വീടുകളും കൃഷിയും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും സർക്കാർ മതിയായ ധനസഹായം നൽകും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ഏത് ആവശ്യത്തിനും സർക്കാർ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.