ആലപ്പുഴയുടെ മാലിന്യസംസ്കരണ മാതൃക പഠിക്കാൻ അന്താരാഷ്ട്ര സംഘം

ഭക്ഷ്യമാലിന്യ സംസ്കരണത്തിൽ മികച്ച മാതൃകയായ ആലപ്പുഴ നഗരസഭയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ ഐ.സി.എൽ.ഇ.ഐ (ICLEI) സംഘം ആലപ്പുഴ സന്ദർശിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ എഫ്.എ.ഒ പദ്ധതിയുടെ ഭാഗമായാണ് ഈ സന്ദർശനം.

ആലപ്പുഴയുടെ മാലിന്യസംസ്കരണ മാതൃക പഠിക്കാൻ അന്താരാഷ്ട്ര സംഘം
ആലപ്പുഴയിൽ എത്തിയ ഐ.സി.എൽ.ഇ.ഐ സംഘം ജില്ലാ കളക്ടർ ഷാജി വി നായരോടൊപ്പം

ആലപ്പുഴയുടെ മാലിന്യസംസ്കരണ മാതൃക പഠിക്കാൻ അന്താരാഷ്ട്ര സംഘം; ഏഷ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നഗരം

ആലപ്പുഴ: ആലപ്പുഴ നഗരസഭ നടപ്പിലാക്കിവരുന്ന മാതൃകാപരമായ മാലിന്യസംസ്കരണ രീതികൾ നേരിൽകണ്ട് പഠിക്കുന്നതിനായി അന്താരാഷ്ട്ര കൗൺസിലായ ഐ.സി.എൽ.ഇ.ഐ (ICLEI) സംഘം ആലപ്പുഴയിലെത്തി. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) നടപ്പിലാക്കുന്ന ‘ഭക്ഷ്യമാലിന്യ സംസ്കരണത്തിൽ ഏഷ്യൻ നഗരങ്ങളിലെ മികച്ച മാതൃകകൾ: ഒരു പ്രാദേശിക അവലോകനം’ എന്ന പദ്ധതിയുടെ ഭാഗമായാണ് സന്ദർശനം.

​പദ്ധതിക്കായി ഐ.സി.എൽ.ഇ.ഐ ഏഷ്യയിൽ നിന്നും തിരഞ്ഞെടുത്ത നാല് നഗരങ്ങളിൽ ഒന്നാണ് ആലപ്പുഴ. ഇന്ത്യയിൽ നിന്ന് ഈ പട്ടികയിൽ ഇടംപിടിച്ച ഏക നഗരസഭയും ആലപ്പുഴയാണെന്നത് നേട്ടത്തിന്റെ വ്യാപ്തി കൂട്ടുന്നു. ആലപ്പുഴയിലെ വിജയകരമായ ശുചിത്വ മാതൃകകളും അനുഭവങ്ങളും പഠിച്ച്, ഏഷ്യയിലെ മറ്റ് നഗരങ്ങൾക്ക് മാതൃകയായി പങ്കുവെക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

​സീനിയർ ഓഫീസർ കേശവ് ഝാ, അനുരാധ അധികാരി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ ഷാജി വി നായരുമായി ആശയവിനിമയം നടത്തി. തുടർന്ന് ആലപ്പുഴ നഗരസഭാ ഭരണസമിതി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജില്ലാ ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോഗ്രാം (KSWMP) പ്രതിനിധികൾ, സാമൂഹിക സംഘടനകൾ, വ്യാപാര പ്രതിനിധികൾ എന്നിവരുമായും സംഘം ചർച്ചകൾ പൂർത്തിയാക്കി.

​അടുത്ത മൂന്ന് ദിവസങ്ങളിൽ വീടുകളിലെ ഭക്ഷ്യമാലിന്യ സംസ്കരണ സംവിധാനങ്ങൾ, കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ, വ്യവസായിക അടിസ്ഥാനത്തിലുള്ള മാലിന്യ സംസ്കരണ യൂണിറ്റുകൾ എന്നിവ സംഘം നേരിട്ടെത്തി വിലയിരുത്തും.