ഇടതുപക്ഷത്തിന്റെ സാമ്പത്തിക അവകാശവാദങ്ങൾ പൊളിക്കാൻ യുഡിഎഫ് ധവളപത്രം ഉടൻ സഭയിലേക്ക്, കിഫ്ബിയിൽ വൻ മാറ്റങ്ങൾക്ക് ശുപാർശ

ഇടതുപക്ഷത്തിന്റെ സാമ്പത്തിക അവകാശവാദങ്ങളെ പ്രതിരോധിക്കാൻ യുഡിഎഫ് സർക്കാരിന്റെ ധവളപത്രം ഈ നിയമസഭാ സമ്മേളനത്തിൽ സമർപ്പിക്കും. കടബാധ്യതകളും കിഫ്ബി പദ്ധതികളും സമിതി പരിശോധിക്കുന്നു.

ഇടതുപക്ഷത്തിന്റെ സാമ്പത്തിക അവകാശവാദങ്ങൾ പൊളിക്കാൻ യുഡിഎഫ് ധവളപത്രം ഉടൻ സഭയിലേക്ക്, കിഫ്ബിയിൽ വൻ മാറ്റങ്ങൾക്ക് ശുപാർശ
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി: യുഡിഎഫ് സർക്കാരിന്റെ ധവളപത്രം ഉടൻ; കിഫ്ബി പുനഃസംഘടനയ്ക്ക് ശുപാർശയുണ്ടായേക്കും

​സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി: യുഡിഎഫ് സർക്കാരിന്റെ ധവളപത്രം ഉടൻ; കിഫ്ബി പുനഃസംഘടനയ്ക്ക് ശുപാർശ

തിരുവനന്തപുരം: പത്തു വർഷത്തെ ഭരണം പൂർത്തിയാക്കി ഇടതുപക്ഷം ഒഴിഞ്ഞപ്പോൾ ഖജനാവിൽ അയ്യായിരം കോടിയിലധികം രൂപയുണ്ടെന്ന അവകാശവാദങ്ങൾ പൊളിച്ചടുക്കാൻ യുഡിഎഫ് സർക്കാർ ധവളപത്രം പുറത്തിറക്കുന്നു. സർക്കാരും സാമ്പത്തിക വിദഗ്ധരും ചേർന്ന് തയ്യാറാക്കുന്ന ധവളപത്രത്തിന്റെ അവസാനഘട്ട ചർച്ചകൾ പൂർത്തിയായി വരികയാണ്. നിലവിലുള്ള നിയമസഭാ സമ്മേളനത്തിൽ തന്നെ ഇത് സഭയുടെ മേശപ്പുറത്ത് വയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി. ധവളപത്രം നിയമസഭയിൽ സമർപ്പിച്ച ശേഷം പൊതുസമൂഹത്തിൽ കൃത്യമായ ചർച്ചകൾ നടത്തിമാത്രമേ ബജറ്റ് അവതരണത്തിലേക്ക് കടക്കാവൂ എന്നാണ് യുഡിഎഫ് വിലയിരുത്തൽ.

​സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാതെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത് ഭാവിയിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതിനൊപ്പം തന്നെ തുടക്കത്തിൽ തന്നെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും ഈ നീക്കം സഹായിക്കും. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. ചന്ദ്രശേഖരൻ അധ്യക്ഷനായ സമിതിക്കാണ് ധവളപത്രം തയാറാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. പത്തു ദിവസത്തെ സമയമാണ് സമിതിക്ക് അനുവദിച്ചിട്ടുള്ളത്.

​ബജറ്റിന് മുൻപ് പുറത്തിറക്കുന്ന ഈ ധവളപത്രത്തിലൂടെ സംസ്ഥാനത്തിന്റെ യഥാർത്ഥ കടബാധ്യത, നിലവിലെ വരുമാനം, പിരിച്ചെടുക്കാതെ പാഴാക്കിക്കളഞ്ഞ നികുതി വരുമാനം തുടങ്ങിയ കൃത്യമായ കണക്കുകൾ പുറത്തുകൊണ്ടുവരികയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാന ബജറ്റ് പ്രകാരം സംസ്ഥാനത്തിന്റെ കടബാധ്യത 4,88,910 കോടി രൂപയായിരുന്നു. ഇക്കാര്യത്തിൽ ഇഴകീറിയുള്ള പരിശോധനയാണ് ധവളപത്ര സമിതി നടത്തുക.

​സംസ്ഥാനത്തെ തന്നെ വിസ്മയിപ്പിക്കുന്ന ഒന്നായിരിക്കും ഈ ധവളപത്രമെന്നും, പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള കൃത്യമായ മറുപടി ഇതിലുണ്ടാകുമെന്നും ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയാണെന്ന മുൻ ഇടത് സർക്കാരിന്റെ ദീർഘകാലത്തെ ആരോപണം പൊള്ളയാണെന്ന് കണക്കുകൾ നിരത്തി ബോധ്യപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ലഭിച്ച തുക എത്രയെന്നും അത് എങ്ങനെയൊക്കെ വിനിയോഗിച്ചുവെന്നും ഇനം തിരിച്ച് ധവളപത്രത്തിൽ വ്യക്തമാക്കും. കൂടാതെ, പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ നിന്ന് പതിനാറാം ധനകാര്യ കമ്മീഷനിലേക്ക് മാറുമ്പോൾ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടങ്ങളും സമിതി കൃത്യമായി വിലയിരുത്തും.

​മുൻ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയെക്കുറിച്ചുള്ള നിർണായക പരാമർശങ്ങളും ധവളപത്രത്തിലുണ്ടാകും. ബജറ്റിന് പുറത്തുനിന്ന് പണം കടമെടുത്ത് കിഫ്ബി നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ എങ്ങനെ ബാധിച്ചുവെന്ന് സമിതി പരിശോധിക്കുന്നുണ്ട്. കിഫ്ബിയുടെ സാമ്പത്തിക മാതൃകയും ചെലവഴിക്കലുകളും കടുത്ത പരിശോധനയ്ക്ക് വിധേയമാക്കുന്ന പശ്ചാത്തലത്തിൽ, കിഫ്ബി പുനഃസംഘടനയ്ക്കുള്ള ശുപാർശകളും ധവളപത്രത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

​കഴിഞ്ഞ 10 വർഷത്തെ കടബാധ്യതകൾ, വരുമാന ചോർച്ച, നികുതി പിരിവിലെ പോരായ്മകൾ, ധനമാനേജ്‌മെന്റിലെ ഘടനാപരമായ വീഴ്ചകൾ എന്നിവ അക്കമിട്ട് നിരത്തുന്നതോടൊപ്പം, യുഡിഎഫ് പ്രഖ്യാപിച്ച 'ഇന്ദിരാ ഗ്യാരന്റി'കൾ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും സമിതിയുടെ കണ്ടെത്തലുകൾ പ്രയോജനപ്പെടുത്തും.