പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ

ആലുവ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസി യുവാവിനെ ആക്രമിച്ച് പണവും ആഭരണവും കവർന്ന കേസിൽ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലൂരിലേക്ക് കടന്ന മുഖ്യപ്രതിയെ സിസിടിവി ദൃശ്യങ്ങളും ഫോൺ ട്രാക്കിംഗും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്.

പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ ജോബി (44) എന്നിവരാണ് അറസ്റ്റിലായത്

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ആലുവ: റെയിൽവേ സ്റ്റേഷന് സമീപം വച്ച് കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ആക്രമിച്ച് പണവും സ്വർണ്ണാഭരണവും കവർന്ന സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ ജോബി (44) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 13-ന് പുലർച്ചെ 3:30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.

​പ്രത്യേക അന്വേഷണ സംഘം മൂന്നായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങൾ, പരിക്കേറ്റ യുവാവിന്റെ മൊഴി, രാത്രികാല ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നൂറോളം പേരെ ചോദ്യം ചെയ്ത പോലീസ് പ്രദേശ്ത്തെ സ്ഥിരം കുറ്റവാളികളെയും കേന്ദ്രീകരിച്ചിരുന്നു.

​സംഭവത്തിന് ശേഷം കൊല്ലൂരിലേക്ക് കടന്ന മുഖ്യപ്രതി സനൽ ചന്ദ്രൻ മൊബൈൽ ഫോൺ കാസർഗോഡ് ഉപേക്ഷിച്ച് പെരുമ്പാവൂരിൽ എത്തിയതായി മനസ്സിലാക്കിയ ആലുവ ഡി വൈ എസ് പി ബൈജു പൌലോസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളിൽ നിന്ന് സർജിക്കൽ ബ്ലേഡ് അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.

​ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കവർച്ച ചെയ്ത മാല വിൽക്കാൻ ഏൽപ്പിച്ച മൂന്നാം പ്രതി ജോബിയെ അങ്കമാലിയിൽ നിന്നും, സജാദ് ഷാജഹാനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പോലീസ് പിടികൂടി. വിറ്റ മാലയും കണ്ടെടുത്തു. ഒന്നും രണ്ടും പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ആറോളം കേസുകളുണ്ട്. സംഭവത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

​ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം ആലുവ ഡി വൈ എസ് പി ബൈജു പൗലോസ്, സി ഐ പി.എം. ഷമീർ, എസ് ഐ മാരായ രഞ്ജിത്ത് മാത്യു, അനൂപ്, സജീഷ് തുടങ്ങി വൻ പോലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.