കള്ളാടി ദുരന്തഭൂമി സന്ദർശിച്ചു മന്ത്രിമാരായ കെ.എം ഷാജിയും സണ്ണി ജോസഫും മരണം ഏഴായി

വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം ഏഴായി. മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. വികസന പ്രവർത്തനങ്ങളിൽ പരിശോധന വേണമെന്ന് മന്ത്രിമാർ.

കള്ളാടി ദുരന്തഭൂമി സന്ദർശിച്ചു മന്ത്രിമാരായ കെ.എം ഷാജിയും സണ്ണി ജോസഫും മരണം ഏഴായി
കള്ളാടി മണ്ണിടിച്ചിൽ പ്രദേശം മന്ത്രിമാരായ കെ.എം ഷാജിയും സണ്ണി ജോസഫും സന്ദർശിച്ചു
കള്ളാടി ദുരന്തഭൂമി സന്ദർശിച്ചു മന്ത്രിമാരായ കെ.എം ഷാജിയും സണ്ണി ജോസഫും മരണം ഏഴായി
കള്ളാടി ദുരന്തഭൂമി സന്ദർശിച്ചു മന്ത്രിമാരായ കെ.എം ഷാജിയും സണ്ണി ജോസഫും മരണം ഏഴായി

കള്ളാടി മണ്ണിടിച്ചിൽ: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി; മരണം ഏഴായി, ബിക്രം സിങ്ങിനായി തിരച്ചിൽ ഊർജ്ജിതം

കല്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിന്റെ നാലാം ദിനമായ ഇന്നലെ നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ദുരന്ത സ്ഥലത്തുനിന്നും രണ്ടര കിലോമീറ്റർ താഴെ മീനാക്ഷിപ്പുഴയിൽ നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്ത പ്രതികരണ സേന (NDRF), പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG), അഗ്നിശമന സേന, സന്നദ്ധ പ്രവർത്തകർ എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

​ജൂലൈ ഏഴിന് രാവിലെ 11.15 ഓടെയായിരുന്നു കള്ളാടിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കപാത മേഖലയിൽ മണ്ണിടിച്ചിലുണ്ടായത്. ആകെ 18 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി ബിക്രം സിങ് റാണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ് വിംസ് (WIMS) ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

​ദുരന്തമേഖലയെ നാല് സോണുകളായി തിരിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്ന് (ജൂലൈ 11) ഒന്നും രണ്ടും സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ വ്യാപകമായ തിരച്ചിൽ നടത്താൻ മന്ത്രി ടി. സിദ്ദീഖ്, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല അവലോകന യോഗം തീരുമാനിച്ചു. നിലവിൽ 70 NDRF ഉദ്യോഗസ്ഥർ, 110 ഫയർഫോഴ്സ് ജീവനക്കാർ, 100 ഓളം പൊലീസുകാർ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ എന്നിവരാണ് രക്ഷാപ്രവർത്തന രംഗത്തുള്ളത്.

​മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ നിലവിൽ 49 കുടുംബങ്ങളിലെ 132 പേർ താമസിക്കുന്നുണ്ട്. ഇതിൽ 41 പുരുഷന്മാരും 43 സ്ത്രീകളും 37 കുട്ടികളും ഉൾപ്പെടുന്നു. ക്യാമ്പിലുള്ളവർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ കൃത്യമായി ഉറപ്പാക്കിയിട്ടുണ്ട്. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ വഴി പ്രതിദിനം 800 ഓളം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

​വികസന പ്രവർത്തനങ്ങളിൽ പരിശോധന വേണം: മന്ത്രി കെ.എം. ഷാജി

വയനാട്ടിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിൽ അടിയന്തര പരിശോധന ആവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നത്. ഇതിനുശേഷം അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്തു മാത്രമേ ഇനി വികസന പ്രവർത്തനങ്ങൾ അനുവദിക്കൂ എന്നും പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മുഖവിലയ്ക്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മണ്ണിന്റെ ഘടനയനുസരിച്ച് ക്രമീകരണം വേണം: മന്ത്രി സണ്ണി ജോസഫ് 

വയനാട്ടിലെ ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയും സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമേ ജില്ലയിൽ പാടുള്ളൂ എന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ദുരന്തസ്ഥലം സന്ദർശിച്ച അദ്ദേഹം, കാണാതായ ഹിമാചൽ സ്വദേശിയുടെ ബന്ധുക്കളുമായി സംസാരിക്കുകയും നിലവിലെ രക്ഷാപ്രവർത്തനങ്ങളിൽ അവർ തൃപ്തി അറിയിക്കുകയും ചെയ്തതായി വ്യക്തമാക്കി. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും അപകടത്തെക്കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു