ബെംഗളൂരുവിൽ ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു
ബെംഗളൂരു രാജാജിനഗറിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിയായ യോഗേശ്വരി (27) മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ബെംഗളൂരുവിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ രാജാജിനഗറിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കെമ്പഗൗഡ സ്വദേശിനിയും ബാങ്ക് ജീവനക്കാരിയുമായ യോഗേശ്വരി (27) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രാജാജിനഗറിലെ ഡോ. രാജ്‌കുമാർ റോഡിലായിരുന്നു അപകടം.
ഓഫീസിന് എതിർവശത്തുള്ള ഹോട്ടലിലേക്ക് സഹപ്രവർത്തകയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് യോഗേശ്വരി അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞുവന്ന ബൈക്ക് കണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട വാഹനം യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യോഗേശ്വരിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ബൈക്ക് ഓടിച്ചിരുന്ന 22 വയസ്സുകാരൻ ദീപനും പരിക്കുകളോടെ ചികിത്സയിലാണ്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

