ബിജെപിയും ഡിഎംകെയും എനിക്കെതിരെ ഒന്നിച്ചു പത്രികാ സമർപ്പണത്തിന് പിന്നാലെ ആരോപണങ്ങളുമായി വിജയ്
രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ടിവികെ നേതാവ് വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പത്രിക സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയും ഡിഎംകെയും എനിക്കെതിരെ ഒന്നിച്ചു; 'ജനനായകൻ' സിനിമയെ പോലും അവർ ഭയപ്പെടുന്നു: വിജയ്
തിരുച്ചിറപ്പള്ളി: രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം നടന്ന പൊതുയോഗത്തിലാണ് അദ്ദേഹം ആഞ്ഞടിച്ചത്. തന്നെ തകർക്കാൻ ബിജെപിയും ഡിഎംകെയും ഉൾപ്പെടെയുള്ള കക്ഷികൾ രഹസ്യ സഖ്യമുണ്ടാക്കിയെന്നും വിജയ് ആരോപിച്ചു.
"എന്നെ എതിർക്കാൻ അവർ എല്ലാവരും കൈകോർത്തിരിക്കുകയാണ്. നിങ്ങളുടെ വിജയ്‌യെ അവർ എങ്ങനെയൊക്കെയാണ് വേട്ടയാടുന്നതെന്ന് നേരിട്ട് കാണുന്നതല്ലേ? കരൂരിലെ ഗൂഢാലോചന മുതൽ എന്റെ അവസാന ചിത്രമായ 'ജനനായകൻ' വരെ അവർ രാഷ്ട്രീയ ആയുധമാക്കി മാറ്റി. സിനിമ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഭയന്ന് അവർ അതിനെ എതിർത്തു. ജനങ്ങൾക്ക് വേണ്ടി നീതി ചോദിക്കാൻ വന്ന എനിക്ക് ഇപ്പോൾ നീതി വേണ്ട സാഹചര്യമാണ്," വിജയ് പറഞ്ഞു.
ഡിഎംകെയുടെ സിറ്റിങ് സീറ്റുകളായ തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലുമാണ് വിജയ് ജനവിധി തേടുന്നത്. തിങ്കളാഴ്ച അദ്ദേഹം പെരമ്പൂരിൽ പത്രിക സമർപ്പിച്ചിരുന്നു. തിരുച്ചിറപ്പള്ളിയിൽ ഡിഎംകെയുടെ ഇനിഗോ ഇരുദയരാജും എഐഎഡിഎംകെയുടെ കെ. രാജശേഖരനുമാണ് വിജയ്‌യുടെ പ്രധാന എതിരാളികൾ. പ്രമുഖ പാർട്ടികളെല്ലാം അണിനിരക്കുന്നതോടെ മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

