24 മുറി കോളനി നിവാസികൾക്ക് ഇനി സ്വന്തം മണ്ണ്
ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് വിരാമം എറണാകുളം വില്ലേജിലെ പാരഡൈസ് നഗർ (24 മുറി കോളനി) നിവാസികളായ 44 കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചതായി ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു.
24 മുറി കോളനി നിവാസികൾക്ക് ഇനി സ്വന്തം മണ്ണ്; 44 കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചു
കൊച്ചി: ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് വിരാമം. എറണാകുളം വില്ലേജിലെ പാരഡൈസ് നഗർ (24 മുറി കോളനി) നിവാസികളായ 44 കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചതായി ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു. എറണാകുളം വില്ലേജിലെ സർവേ നമ്പർ 75/6, 75/7 എന്നിവയിലുൾപ്പെട്ട 27.43 ആർ ഭൂമിയിലെ താമസക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
1995-ലെ മുനിസിപ്പൽ കോർപ്പറേഷൻ ഭൂമി പതിവ് ചട്ടങ്ങളിലെ പ്രത്യേക അധികാരം (ചട്ടം 21 (ii)) ഉപയോഗിച്ചാണ് സർക്കാർ ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. വരുമാന പരിധി കൂടുതലാണെന്ന ലാൻഡ് ആൻഡ് റവന്യൂ കമ്മീഷണറുടെ മുൻ റിപ്പോർട്ട് മൂലം ഇവിടുള്ളവർക്ക് പട്ടയം ലഭിക്കുന്നത് തടസ്സപ്പെട്ടിരുന്നു. എന്നാൽ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന്, കോളനി നിവാസികളുടെ ശോചനീയാവസ്ഥയും സാമ്പത്തിക പശ്ചാത്തലവും കണക്കിലെടുത്ത് വരുമാന പരിധിയിൽ ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പാരമ്പര്യമായി കൈമാറി വന്ന അവകാശം
1945-ൽ ശുചീകരണ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി വിട്ടുനൽകിയ ഭൂമിയിലാണ് ഇവരുടെ പൂർവ്വികർ താമസമാരംഭിച്ചത്. നിലവിൽ ഇവിടെ കഴിയുന്ന 44 കുടുംബങ്ങളിലായി ഏകദേശം 200 പേരുണ്ട്. ഇതിൽ ഭൂരിഭാഗവും കൊച്ചി കോർപ്പറേഷനിൽ നിന്ന് വിരമിച്ച ശുചീകരണ തൊഴിലാളികളാണ്. മറ്റ് വരുമാന മാർഗങ്ങളില്ലാത്ത ഇവർക്ക് പട്ടയം അനുവദിക്കാൻ ജില്ലാ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

